ചാലക്കുടി: കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ നഗരസഭാ കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് മൂന്ന് മാസത്തെ വാടക കൂടി ഒഴിവാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതോടെ അഞ്ച് മാസത്തെ വാടകയാണ് കൗൺസിൽ ഇളവായി വ്യാപാരികൾക്ക് നൽകുന്നത്. ഇതു സംബന്ധിച്ച് വ്യാപാരി സംഘടനകളുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെട്ടിടമുറികളുടെ വാടക ഇളവിന്റെ അജണ്ട ചർച്ച ചെയ്തു. ഇളവിനായി പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചർച്ച ചെയ്യാനായി 21ന് ചേരാനിരുന്ന കൗൺസിൽ അജണ്ടകൂടി പരിഗണിച്ചാണ് തീരുമാനം.
വ്യാപാര മേഖല സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വാടക ഇളവിന് എല്ലാവർക്കും അർഹതയുണ്ടെന്നും സർക്കാർ അംഗീകാരം ലഭ്യമാക്കി ഇളവ് നൽകണമെന്നും പി.എം. ശ്രീധരൻ, വൈസ് ചെയർമാൻ വിത്സൺ പാണാട്ടുപറമ്പിൽ, യു.വി. മാർട്ടിൻ, വി.ജെ. ജോജി, ജീജൻ മത്തായി എന്നിവർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ എല്ലാ കെട്ടിട ഉടമകൾക്കും വാടക ഇളവ് നൽകാനായി തീരുമാനിക്കുകയായിരുന്നു. വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, ബിജു ചിറയത്ത് ഹരി നാരായണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നഗരസഭാ പരിധിയിൽ എല്ലാവർക്കും ഗാർഹിക മാലിന്യ സംസ്‌കരണ യൂണിറ്റ് വിതരണത്തിനായി അപേക്ഷ ക്ഷണിക്കാനും പ്ലാസ്റ്റിക് സംഭരണം പുനരാരംഭിക്കാനും ക്രിമറ്റോറിയത്തിന്റെ റിപ്പയറിംഗിന് അംഗീകൃത കമ്പനിക്ക് കരാർ നൽകാനും തീരുമാനിച്ചു. ജയന്തി പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭയിലെ ആംബുലൻസിന്റെ ഡ്രൈവറായി ദീർഘകാലം സേവനം ചെയ്ത വി.സി റപ്പായിക്ക് യാത്രഅയപ്പും നൽകി.