viyyur
വിയ്യൂർ സെൻട്രൽ ജയിൽ (ഫയൽ ചിത്രം)​

തടവുകാർക്ക് ആന്റിജൻ ടെസ്റ്റ് തുടങ്ങി


തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഗാർഡിന് രോഗം കണ്ടെത്തി. ജയിൽ ഉദ്യോഗസ്ഥർക്ക് നടത്തിയ പരിശോധനയിൽ പൊസിറ്റീവായതിനെ തുടർന്ന് ഇദ്ദേഹത്തെ മുളങ്കുന്നത്തുകാവ് കിലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി) സേനാംഗമായ ഇദ്ദേഹത്തിന് ജയിലിന് പുറത്ത് സെക്യൂരിറ്റി ജോലിയാണ്. ഇയാളുമായി സമ്പർക്കത്തിലുള്ള 18 പേരെയും നിരീക്ഷണത്തിലേക്ക് മാറ്റി. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം രണ്ടു ദിവസം മുമ്പാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്.

തടവുകാരിലേക്ക് രോഗം പടർന്നിട്ടുണ്ടോയെന്നറിയുന്നതിന് ജയിലിൽ പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 250 തടവുകാർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിക്കഴിഞ്ഞു. എല്ലാവരും നെഗറ്റീവാണെന്നും 200 പേർക്ക് കൂടി ടെസ്റ്റ് നടത്താനുണ്ടെന്നും അധികൃതർ പറഞ്ഞു. ജയിൽ ഉദ്യോഗസ്ഥർക്കും ടെസ്റ്റ് നടത്തി.

നേരത്തെ അരണാട്ടുകരയിലെ കൊവിഡ് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചിരുന്നു. ക്വാറന്റൈനിൽ പോയ ഇദ്ദേഹം പിന്നീട് നെഗറ്റീവായി. പൂജപ്പുര ജയിലിൽ കൊവിഡ് ബാധിച്ച് ഒരു തടവുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.