ചാലക്കുടി: നഗരസഭാ പരിധിയിൽ രണ്ടു കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കോടശേരിയിൽ മൂന്നും കാടുകുറ്റിയിൽ ഒന്നും കൊവിഡ് ബാധിതരുണ്ട്. നഗരസഭയിൽ സെന്റ് മേരീസ് ചർച്ച് വാർഡിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ ഭാര്യയ്ക്കും വൈറസ് ബാധയുണ്ട്. സി.എം.ഐ സ്‌കൂൾ പരിസരത്തെ സിവിൽ സപ്ലൈ ഗോഡൗൺ തൊഴിലാളിക്കും രോഗബാധ കണ്ടെത്തി. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാടുകുറ്റി പഞ്ചായത്തിലെ കല്ലൂർ വാർഡിലും ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു. അങ്കമാലി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് എത്തിയ 67 കാരിക്കാണ് രോഗം കണ്ടെത്തിയത്. കോടശേരിയിലെ കൂർക്കമറ്റത്ത് മൂന്നുപേർക്കുകൂടി രോഗം കണ്ടെത്തി. കുറ്റിക്കാട് ടീഷോപ്പ് നടത്തുന്ന വ്യക്തിയ്ക്ക് നേരത്തെ രോഗമുണ്ടായി. ഇയാളുടെ കൂർക്കമറ്റത്തുള്ള കുടുംബത്തിലെ മൂന്നാളുകൾക്കാണ് വൈറസ് ബാധ.
ചാലക്കുടി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ബുധനാഴ്ച കൊവിഡ് ഭീതി ഒഴിഞ്ഞു നിന്നു. അതിരപ്പിള്ളി, പരിയാരം, കൊരട്ടി, മേലൂർ എന്നിവിടങ്ങളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. എന്നാൽ കൂടുതൽ രോഗ ബാധിതരുള്ള മേലൂരിൽ അടുത്ത ദിവസങ്ങളിൽ സമ്പർക്ക രോഗികളുണ്ടാകുമെന്ന് സംശയിക്കുന്നു. പരിയാരവും ആശങ്കയിലാണെങ്കിലും താൽക്കാലം പുതിയ വൈറസ് ബാധിയില്ലാത്തത് ആശ്വാസമായി.