snake-catching
പാമ്പ് പിടിത്തത്തിന് വനം വകുപ്പിന്റെ പരിശീലനം

തൃശൂർ: പാമ്പുപിടിത്തത്തിന് വനം വകുപ്പ് വക പരിശീലനം. ജനവാസ മേഖലകളിൽ കാണുന്ന പാമ്പുകളെ പിടികൂടി സുരക്ഷിതസ്ഥലങ്ങളിൽ വിടുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കും താത്കാലിക ജീവനക്കാർക്കും നൽകുന്ന പരിശീലനം തൃശൂർ വാഴച്ചാലിലാണ് തുടങ്ങിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഇത്തരത്തിലുള്ളള പരിശീലനങ്ങൾ 17 സ്ഥലങ്ങളിലാണ് സംഘടിപ്പിക്കുന്നത്. പരിശീലനം 27 ന് അവസാനിക്കും.

പാമ്പിനെ നോക്കാൻ മൊബൈൽ ആപ്ലിക്കേഷനും

പരിശീലനത്തിന്റെ ഭാഗമായി പാമ്പുകളുടെ സംരക്ഷണത്തിന് രൂപകല്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ വനം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് പ്രകാശനം ചെയ്തു. പാമ്പുകളുടെ സംരക്ഷണത്തിനായി സേവനം നടത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് വനം വകുപ്പ് പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കി റെസ്‌ക്യുവർ സർട്ടിഫിക്കേഷൻ നേടുന്നവർക്കാണ് പാമ്പുകളെ ജനവാസ മേഖലകളിൽ നിന്നും പിടികൂടി സുരക്ഷിതമായി വിട്ടയക്കാൻ അനുമതി ലഭിക്കുക. മദ്ധ്യമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര, വാഴച്ചാൽ മറയൂർ ഡി.എഫ്.ഒ. മാരായ എസ്.വി വിനോദ്, നരേന്ദ്രബാബു തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.