poyya-fish-farm
കരിമീൻ ഹാച്ചറി

മാള: വരുമാനത്തിൽ കവിഞ്ഞ് ജീവനക്കാർക്ക് ശമ്പളം. വരവും ചെലവും കൂട്ടിമുട്ടാതെ നിലനിൽപ്പിനായി പാടുപെടുകയാണ് ഫിഷറീസ് വകുപ്പിന് കീഴിലുള്ള അഡാക്കിന്റെ മത്സ്യ ഫാം. 5 ലക്ഷം മാസവരുമാനമുള്ള സ്ഥാപനത്തിൽ 30 ജീവനക്കാർക്കായി 8 ലക്ഷത്തോളം രൂപയാണ് ശമ്പളയിനത്തിൽ തന്നെ ചെലവഴിക്കുന്നത്. പ്രതിസന്ധിയിലായതോടെ മത്സ്യത്തിന് ആവശ്യക്കാരും നല്ല വിലയുമുണ്ടായിട്ടും വിപണിയിൽ ഇടപെടാനാകാതെ പുറംതിരിഞ്ഞ് നിൽക്കുകയാണ് ഫാം. തീരദേശ വികസന കോർപറേഷൻ നാല് വർഷമായി നടത്തുന്ന നിർമ്മാണ പ്രവർത്തനം പൂർത്തിയാകാത്തതാണ് തിരിച്ചടിയായത്. ഫാമിന്റെ പകുതി ഭാഗത്തെ കുളങ്ങളുടെ ബണ്ട് ബലപ്പെടുത്താൻ 5 കോടി അനുവദിച്ചെങ്കിലും പണി എങ്ങുമെത്തിയില്ല. അഞ്ച് ഹെക്ടർ വിസ്തൃതിയിലുള്ള മൂന്നും ഒരു ഹെക്ടർ വീതമുള്ള ഏഴും കുളങ്ങളുമാണ് ബലപ്പെടുത്തുന്നത്. 2018ൽ പ്രളയത്തിൽ ഫാമിന് ഉണ്ടായ രണ്ടര കോടിയുടെ നഷ്ടം പരിഹരിക്കാൻ സർക്കാർ ഫണ്ടും നൽകിയിട്ടില്ല. പതിവ് പദ്ധതികൾക്ക് ഫണ്ട് ബഡ്ജറ്റിൽ അനുവദിച്ചെങ്കിലും ബണ്ട് നിർമ്മാണം കഴിയാത്തതിനാൽ ഉപയോഗപ്പെടുത്താനായില്ല.

അതിർത്തി കടന്നെത്തുന്ന മത്സ്യക്കുഞ്ഞുങ്ങൾ

കരിമീൻ ഹാച്ചറിയിൽ നിന്ന് വർഷം മൂന്ന് ലക്ഷം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത് വഴി 25 ലക്ഷം രൂപ വരുമാനമാണ് ലഭിക്കുന്നത്. ഗിഫ്റ്റ് തിലാപ്പിയയുടെ 10 ലക്ഷം കുഞ്ഞുങ്ങളെയാണ് രണ്ട് മാസം പ്രായത്തിൽ വലുപ്പത്തിനനുസരിച്ച് 10 രൂപ വരെ വിലയിൽ വിൽക്കുന്നത്. തൃശൂർ, എറണാകുളം, മലപ്പുറം ജില്ലയിലെ ആയിരത്തോളം കർഷകരാണ് മത്സ്യക്കുഞ്ഞുങ്ങൾ വാങ്ങുന്നത്. വിശാഖപട്ടണം, തമിഴ്‌നാട്ടിലെ സിർകാളി എന്നിവിടങ്ങളിലെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ കേന്ദ്രത്തിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. പത്ത് ലക്ഷം കുഞ്ഞുങ്ങളെ ആവശ്യമുള്ള സ്ഥാനത്ത് ഒരു ലക്ഷം മാത്രമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.1989ലാണ് ഇവിടത്തെ 200 ഏക്കർ കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലത്ത് ചെമ്മീൻ ഫാം ആരംഭിച്ചത്. ചെമ്മീന് വ്യാപകമായി വൈറസ് ബാധ വന്നതോടെ ആ കൃഷി ഉപേക്ഷിച്ചു. മൂന്നര കിലോമീറ്റർ ചുറ്റവുള്ള ഫാമിൽ ആകെ 30 കുളങ്ങളുണ്ട്. നിലവിൽ താറാവും മത്സ്യവും ഒരേകുളത്തിൽ വളർത്തി സംയോജിത കൃഷിയും നടത്തുന്നുണ്ട്. പ്രളയത്തിൽ 15 കുളങ്ങളിലെ മൂന്ന് മാസം പ്രായമായ 25,000 കുഞ്ഞുങ്ങളാണ് ഒലിച്ചുപോയത്.

വരവും

ഒരു വർഷം വിറ്റുവരവ് - 62 ലക്ഷം

ചെലവും

മാസം 30 ജീവനക്കാർക്ക് ശമ്പളം 8 ലക്ഷം

മാസം പ്രവർത്തനങ്ങൾക്ക് 2 ലക്ഷം

ഒരു വർഷം ശരാശരി 120 ലക്ഷം

"ഫാമിന്റെ പകുതി ഭാഗം സ്ഥലം ബണ്ട് നിർമ്മാണം കഴിയാത്തതിനാൽ പൂർണമായി ഉപയോഗിക്കാനാകുന്നില്ല. അടുത്ത ഒക്ടോബറിൽ വനാമി, കാര ചെമ്മീൻ എന്നിവ ആറ് കുളങ്ങളിൽ തുടങ്ങും. മൂല്യവർദ്ധിത പദ്ധതികൾ നടപ്പാക്കി വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്."

ഇ. മുജീബ്

ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ്

ഫാം മാനേജർ

"മുഴുവൻ കുളങ്ങളിലും കൃഷി തുടങ്ങുക. കോൺട്രാക്ടറും കോർപ്പറേഷനും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക. വെവിദ്ധ്യവൽക്കരണം നടപ്പാക്കുക."

ടി.യു രാധാകൃഷ്ണൻ

പ്രസിഡന്റ്

ഐ.എൻ.ടി.യു.സി യൂണിയൻ