തൃശൂർ: ഓണ വിപണി ലക്ഷ്യമിട്ട് ജില്ലയിലേക്ക് സ്പിരിറ്റും കഞ്ചാവും ഒഴുകുന്നു.ഒരാഴ്ച്ചക്കിടെ പിടികൂടിയത് അയ്യായിരം ലിറ്ററോളം സ്പിരിറ്റ്. രണ്ട് ദിവസം മുമ്പ് നെൻമണിക്കരയിൽ നിന്ന് ഏക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 2500 ലിറ്റർ സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ കഴിഞ്ഞ ദിവസം എക്സൈസ് ഇന്റലിജന്റ്സ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ നെല്ലങ്കരയിൽ നിന്ന് 1800 ലിറ്ററും പിടികൂടി.
ജയിലിലേക്കും കടത്ത്!
ഓണം ലക്ഷ്യമിട്ട് ജില്ലയിലേക്ക് വൻതോതിൽ സ്പിരിറ്റും കഞ്ചാവും കടത്തുന്നതായി സൂചന ലഭിച്ചതിന്റെ അഭിസ്ഥാനത്തിൽ എക്‌സൈസ് വകുപ്പ് പരിശോധനകൾ തുടങ്ങിയിരുന്നു. കന്നാസുകളിലും കണ്ടെയ്‌നറുകളിലും നിറച്ച നിലയിലാണ് നെല്ലങ്കരയിൽ സ്പിരിറ്റ് കണ്ടെത്തിയത്. ചാഴിപാലത്തിന് സമീപമുള്ള വീട് വളഞ്ഞ് പ്രതി കോഴിക്കോട് കക്കാട് വീട്ടിൽ ഷൈജുവിനെ അറസ്റ്റ് ചെയ്തു. വലിയ വീട് വാടകയ്‌ക്കെടുത്തു കുടുംബമായി താമസിക്കുന്നതായി വരുത്തിയായിരുന്നു ഇടപാട്. ആവശ്യക്കാർക്ക് കാറിലും ലോറിയിലും എത്തിക്കുന്നതാണ് പതിവ്. നെന്മണിക്കരയിൽ നിന്ന് രഞ്ജിത്ത്, ദയാനന്ദൻ, ജയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജയിൽ വകുപ്പിന്റെ കീഴിലുള്ള വിയ്യൂരിലെ പെട്രോൾ പമ്പിൽ വച്ച് കഞ്ചാവ് പിടികൂടിയിരുന്നു. ഇത് ജയിലിലെ തടവുകാർക്ക് കടത്താൻ കൊണ്ടുവന്നതായാണ് സൂചന. പമ്പിലെ ജീവനക്കാരാണ് പ്രതികൾ. കഴിഞ്ഞ ദിവസം മണ്ണുത്തിയിൽ നിന്ന് ഒരു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു.
കൺട്രോൾ റൂം തുറന്നു
ഓണക്കാലത്ത് അബ്കാരി കുറ്റകൃത്യങ്ങൾ കൂടാൻ സാദ്ധ്യത ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജില്ലാതലത്തിലും സർക്കിൾ തലത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.. ജില്ലാ കൺട്രോൾ റൂം ഫോൺ: 0487-2361237, 944178060.
കെ.പ്രദീപ് കുമാർ
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ