തൃശൂർ: അതിരപ്പിള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡിലുള്ള ഷോളയാർ ഗിരിജൻ കോളനിയിൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജോലി ചെയ്ത തൊഴിലാളികളുടെ മുഴുവൻ തുകയും കുടിശിക സഹിതം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
വാഴച്ചാൽ, പെരുമ്പാറ കാടർ കോളനി, ഷോളയാർ ഗിരിജൻ കോളനികളിൽ താമസിക്കുന്ന പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം വർദ്ധിപ്പിക്കണമെന്നും പ്രൊമോട്ടറെ നിയമിക്കണമെന്നും ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ഹോസ്റ്റൽ സൗകര്യം ലഭിക്കാതെ പെൺകുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് ശാശ്വത പരിഹാരം കാണണം. ഹോസ്റ്റൽ ലഭിക്കാതെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സാഹചര്യം ഒരു കുട്ടിക്ക് പോലും ഉണ്ടാകരുത്. വന്യമ്യഗങ്ങളുടെ ശല്യം നിയന്ത്രിക്കാൻ കോളനിക്ക് ചുറ്റും കിടങ്ങ് നിർമ്മിക്കാൻ വനം വകുപ്പിന്റെ സഹായത്തോടെ നടപടി സ്വീകരിക്കണം. കോളനി നിവാസികൾ യാത്രയ്ക്ക് ഉപയോഗിക്കുന്ന കെ.എസ്.ഇ.ബി റോഡിന്റെ അറ്റകുറ്റപണി പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കാൻ കെ.എസ്.ഇ.ബി അധികൃതരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോളനിയിൽ മദ്യവും മയക്കുമരുന്നും നൽകുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. അതിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിക്കും ചാലക്കുടി ട്രൈബൽ വികസന ഓഫീസർക്കും ജില്ലാ ഫോറസ്റ്റ് ഓഫീസർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് നിർദ്ദേശം നൽകിയത്. ഷോളയാർ ഗിരിജൻ കോളനി നിവാസികളും പൊകലപ്പാറ സ്വദേശിനികളായ അജിതയും മഞ്ജുവും നൽകിയ പരാതികളിലാണ് നടപടി.