കാഞ്ഞാണി: ബസ് സ്റ്റാൻഡിലുള്ള സ്‌കൂട്ടർ ഗാരേജിനോട് ചേർന്നുള്ള ഒല്ലൂർ പള്ളിയുടെ പഴയ കെട്ടിടം അപകടാവസ്ഥയിൽ. ഈ കെട്ടിടത്തിൽ നിന്നുള്ള ഓടും പട്ടികയും വീണ് ഗാരേജിൽ റിപ്പയറിംഗിന് കൊണ്ടുവന്ന ബൈക്ക് ഭാഗികമായി തകർന്നു. മുറ്റിച്ചൂർ സ്വദേശി അനിൽ കുമാറിന്റെ ഫാഷൻ പ്രോ ബൈക്കിന്റെ ഇന്ധന ടാങ്കാണ് കേട് വന്നത്. കെട്ടിടത്തിന്റെ ഉടമകളോട് നിരവധി തവണ പരാതി പറഞ്ഞെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചതെന്ന് ഗാരേജ് ഉടമകളായ ആന്റോയും, സഹോദരൻ ചാക്കോയും പറയുന്നു. കാഞ്ഞാണി ബസ് സ്റ്റാൻഡിലേക്കുള്ള മുഖ കവാടമായതിനാൽ വലിയ ദുരന്തങ്ങൾക്ക് ഈ കെട്ടിടം കാരണമായേക്കും. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന കുലുക്കത്തിൽ പോലും ഓടുകൾ താഴേക്ക് പതിക്കുന്നു. ഈ കെട്ടിടത്തിന് അരികിലൂടെ പോകുന്ന കാൽനട യാത്രികരും ഭീതിയോടെയാണ് കടന്നുപോകുന്നത്.