വാടാനപ്പള്ളി: അറ്റകുറ്റപണി നടത്താത്തതിനാൽ തളിക്കുളം ഇടശേരി പടിഞ്ഞാറുള്ള സുനാമി കോളനിയിലെ വീടുകൾ ചോർന്നൊലിച്ച് ശോചനീയാവസ്ഥയിലായി. ഇതോടെ വീട്ടുകാർ ദുരിതത്തിലായി. കടലാക്രമണത്തിൽ വീടുകൾ തകർന്നവരെ താമസിപ്പിക്കാൻ സുനാമി പുനരധിവാസ പദ്ധതി പ്രകാരം 1.55 കോടി രൂപ ചെലവിൽ 2012-ൽ 40 വീടുകളാണ് നിർമിച്ചു നൽകിയത്.
പണിയിലെ ക്രമക്കേടു മൂലം വീടുകൾ എല്ലാം തകർച്ചയിലാണ്. അറ്റകുറ്റപണി യഥാസമയം ചെയ്യാത്തതിനാൽ വീടിൻ്റെ മേൽക്കൂര വിള്ളലുകളാൽ തകർന്ന സ്ഥിതിയാണ്. കോൺക്രീറ്റ് അടർന്ന് പോയി. വാതിലുകൾ ഏറെയും കേടായ അവസ്ഥയാണ്. ടോയ്‌ലറ്റുകൾക്കും കേടുപാടുമുണ്ട്. മഴയിൽ വീടുകൾ ഏറെയും ചോർന്നൊലിക്കുകയാണ്. ശക്തമായ കാറ്റോ മഴയോ വന്നാൽ ഭയന്നാണ് ഇവർ വീടുകളിൽ കഴിയുന്നത്. വീടുകളുടെ അറ്റകുറ്റപണി നടത്താൻ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടും നടപടിയില്ലാതായതോടെ ഉപവാസ സമരപരിപാടിക്ക് ഒരുങ്ങുകയാണെന്ന് വീട്ടമ്മമാർ പറഞ്ഞു.