fish

ചാലക്കുടിയിൽ ആരംഭിച്ച ഫിഷ് മാർട്ടിന്റെ പ്രവേശനോദ്ഘാടനം ബി.ഡി. ദേവസി എം.എൽ.എ നിർവഹിക്കുന്നു

ചാലക്കുടി: മാവേലി സ്റ്റോറുകൾക്ക് തുടക്കമിട്ട കാലഘട്ടത്തിൽ അതിനെ തകർക്കാൻ വാമന സ്റ്റോറുകൾ കൊണ്ടുവന്ന രാഷ്ട്രീയ കുബുദ്ധികളുടെ തന്ത്രങ്ങൾ തിരിച്ചറിയണമെന്ന് ബി.ഡി. ദേവസി എം.എൽ.എ. സംസ്ഥാന മത്സ്യ ഫെഡ് ചാലക്കുടിയിൽ മൾട്ടി പർപ്പസ് സഹകരണ സംഘം മുഖേന ആരംഭിച്ച ഫിഷ് മാർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ പ്രോത്സാഹിപ്പിക്കാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുമ്പോൾ ഇതിനെ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് കുത്തകളുടെ എക്കാലത്തേയും രീതിയാണ്. ഇത് തിരിച്ചറിയാൻ വൈകുന്നത് നാടിന് പിന്നീട് വലിയ നഷ്ടം വരുത്തിവയ്ക്കുമെന്നും ബി.ഡി. ദേവസി വ്യക്തമാക്കി.

റെയിൽവെ സ്റ്റേഷൻ റോഡിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് തുടങ്ങിയ സ്റ്റാൾ, മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഓൺ ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ആദ്യ വിൽപ്പന നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ജില്ലാ മത്സ്യ ഫെഡ് മാനേജർ കെ.കെ. ബാബു, മുൻ മാനേജർ ഗീത ഉണ്ണിക്കൃഷ്ണൻ, സംഘം പ്രസിഡന്റ് ടി.പി. ജോണി, സെക്രട്ടറി പി.എസ്. കിഷോർ തുടങ്ങിയവർ സംസാരിച്ചു.