ചാലക്കുടി: ഒരാഴ്ചത്തെ അടച്ചിടലിനു ശേഷം ചാലക്കുടി മാർക്കറ്റ് തുറന്നു. ഇത് മൂന്നാം വട്ടമാണ് ചാലക്കുടി മാർക്കറ്റ് കണ്ടെയ്ൻമെന്റ് സോണാക്കിയത്. ഏഴു ചമട്ടു തൊഴിലാളികൾക്ക് കൊവിഡ് പിടിപെട്ടതോടെയായിരുന്നു ഇപ്പോഴത്തെ നടപടി.
ഓണം അടുത്തു വരുന്ന സാഹര്യത്തിൽ തുടർച്ചയായി ചന്ത അടച്ചിടുന്നത് ചാലക്കുടിയിലെ സാമ്പത്തിക മേഖലയെ കൂടുതൽ മോശമാക്കുമെന്ന നഗരസഭയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ജില്ലാ കളക്ടർ മാർക്കറ്റിനെ അടിച്ചിടലിൽ നിന്നും ഒഴിവാക്കിയത്. എങ്കിലും കർശന നിയന്ത്രണങ്ങളോടെ മാത്രമെ കടകൾക്ക് പ്രവർത്തിക്കാനാകു. എല്ലാ നേരത്തും പൊലീസിന്റെ നിരീക്ഷണത്തിന് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കടകൾ തുറന്നതെങ്കിലും വ്യാഴാഴ്ച കാര്യമായി തിരക്ക് അനുഭവപ്പെട്ടില്ല. ചാലക്കുടി മാർക്കറ്റിലെ അഞ്ചു കടയുടമകളെ വ്യാഴാഴ്ച സ്രവ പരിശോനയ്ക്ക് വിധേയരാക്കി. ഇവിടുത്തെ തൊഴിലാളികളടക്കം 13 പേരാണ് വൈറസ് പരിശോധനക്കെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികൾക്ക് കൂടുതൽ സമ്പർക്കുണ്ടായ കടകളാണിത്. ക്വാറന്റൈൻ കാലാവധിക്ക് ശേഷമായിരിക്കും പ്രസ്തുത കടകൾ തുറന്നു പ്രവർത്തിക്കുക.