ചാലക്കുടി: നഗസഭയിൽ ഇന്നലെ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മേലൂർ,കോടശേരി പഞ്ചായത്തുകളിലും ഓരോ രോഗികളുണ്ട്. ആറാട്ടുകടവ് വാർഡിലെ ഒരു കുടുംബത്തിൽ അഞ്ചുപേർക്കാണ് രോഗം. നേരത്തെ പരിശോധനാ ഫലം പോസിറ്റീവായി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ കുടുംബമാണിത്. സെന്റ് മേരീസ് ചർച്ച് വാർഡിലെ എട്ടു വയസുകാരനും രോഗം സ്ഥിരീകരിച്ചു. മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ കുട്ടിയുടെ പിതാവിനും തുടർന്ന് അമ്മയ്ക്കും വൈറസ് കണ്ടെത്തിയിരുന്നു. മേലൂരിലെ നടത്തുരുത്തിൽ യുവാവിനും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. കാക്കനായ് എൻ.ജി.ഐ.എൽ കമ്പനി ജീവനക്കാരനായ ഇയാൾക്ക് നിരവധി സമ്പർക്കമുണ്ട്. കോടശേരി പഞ്ചായത്തിലെ കമ്മളത്തും ഒരാൾക്ക് രോഗമുണ്ട്. ആലുവായിലെ ചുമട്ടുതൊഴിലാളിയാണ്. കൂടുതൽ സമ്പർക്കമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.
അതിരപ്പിള്ളി പഞ്ചായത്തിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 70 പേർക്കും കൊവിഡ് ബാധയില്ലെന്ന് വ്യക്തമായി. മുൻ പഞ്ചായത്ത് പ്രസിഡന്റിനും മകൾക്കും രോഗം ബാധിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇവരുമായി നേരിട്ട് ബന്ധമുള്ള 33 പേരും മറ്റു പഞ്ചായത്ത്, കുടുംബശ്രീ പ്രവർത്തകരുമാണ് പരിശോധനയ്ക്ക് വിധേയരായത്.