തൃശൂർ: ജില്ലയിൽ രണ്ട് മൊബൈൽ മെഡിക്കൽ സർവ്വൈലൻസ് യൂണിറ്റ് പ്രവർത്തനസജ്ജമായി. കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തി ദേശീയ ആരോഗ്യദൗത്യം ജില്ലക്ക് അനുവദിച്ച രണ്ട് ആംബുലൻസുകളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർവഹിച്ചു.
നൂതന മൊബൈൽ മെഡിക്കൽ സർവ്വൈലൻസ് യൂണിറ്റുകളാണ് പ്രവർത്തനം തുടങ്ങിയത്. ആദിവാസിമേഖല, തീരദേശമേഖല, ചേരി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് കൊവിഡ് കാലഘട്ടത്തിൽ വീട്ട് പടിക്കൽ സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടു കൊണ്ടാണ് യൂണിറ്റിന്റെ പ്രവർത്തനം. പദ്ധതിയുടെ ഭാഗമായി പ്രഥമശുശ്രൂഷ, ഗർഭപൂർവ്വകാല പരിചരണം, പ്രതിരോധകുത്തിവയ്പ്പ്, ലാബ്‌സൗകര്യങ്ങൾ, കൊവിഡ് ടെസ്റ്റിംഗ്, സൗജന്യമരുന്ന് വിതരണം, കൗൺസിലിംഗ്, ടെലി മെഡിസിൻ സംവിധാനം, റഫറൽ സംവിധാനം എന്നീ സേവനങ്ങൾ ലഭ്യമാക്കും. ഡി.എം.ഒ ഡോ. കെ.ജെ. റീന, ഡി.പി.എം ഡോ. ടി.വി. സതീശൻ എന്നിവർ സന്നിഹിതരായി.