ഗുരുവായൂർ: ക്ഷേത്ര തിരുമുറ്റത്ത് ബി.ജെ.പിയുടെ ആദരിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ദേവസ്വം പൊലീസിൽ പരാതി നൽകി. ബി.ജെ.പി സംഘടിപ്പിച്ച കർഷക വന്ദനദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ. അനീഷിന്റെ സഹോദരനും ക്ഷീര-കേര കർഷകനുമായ കെ.ആർ അജിത് കുമാറിനെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരനടയിൽ വെച്ച് ആദരിച്ചിരുന്നു.
ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ ചടങ്ങിൽ അജിത് കുമാറിനെ പൊന്നാട അണിയിച്ചു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി സി.പി.എമ്മും യൂത്ത് കോൺഗ്രസും രംഗത്തെത്തിയതോടെ ദേവസ്വം പരാതി നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രവും ക്ഷേത്രപരിസരവും 1994 മുതൽ അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിക്കുകയും ഇവിടെ പൊതുയോഗങ്ങൾ, മീറ്റിംഗുകൾ, ജാഥകൾ, സമരം തുടങ്ങിയവ നടത്തുന്നത് കർശനമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇത് മറികടന്നാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് നടന്നത്.
പ്രതിഷേധവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി. സുമേഷാണ് രംഗത്തെത്തിയത്. ബി.ജെ.പിയുടെ വിശ്വാസ സംരക്ഷണവും ദൈവ സ്നേഹവുമെല്ലാം കപടമാണെന്നതിന് തെളിവാണ് ഇതെന്ന് സുമേഷ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ദേവസ്വം ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് ആദരിക്കലെന്നും അതുകൊണ്ടാണ് നിയമം ലംഘിച്ച് ബി.ജെ.പി ചടങ്ങ് നടത്തിയിട്ടും ദേവസ്വം നടപടി സ്വീകരിക്കാത്തതെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണനും ആരോപിച്ചു. നിയമലംഘനം നടത്തിയതിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.