ഇരിങ്ങാലക്കുട : വാർഷിക ധനകാര്യ പത്രിക സമർപ്പിക്കാതിരുന്നത് ഇരിങ്ങാലക്കുട നഗരസഭാ ഭരണനേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ചയെന്ന് എൽ.ഡി.എഫ് അംഗങ്ങളുടെ വിമർശനം. കൊവിഡ് കാലഘട്ടത്തിൽ ജീവനക്കാരുടെ കുറവും, ട്രിപ്പിൾ ലോക്ക് ഡൗണടക്കമുള്ള നിയന്ത്രണവും വന്നത് മൂലമാണ് ധനകാര്യ പത്രിക സമർപ്പിക്കാൻ നീണ്ടു പോയതെന്നും കാലാവധി നീട്ടി ലഭിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് വ്യക്തമാക്കി.


വാർഷിക ധനകാര്യ പത്രിക അംഗീകരിക്കുന്നതു സംബന്ധിച്ച അജണ്ടയിൽ നടന്ന ചർച്ചയിലാണ് ഇത് ഗുരുതര വീഴ്ചയാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.വി ശിവകുമാർ കുറ്റപ്പെടുത്തിയത്. പത്രിക സമർപ്പണം വൈകിയാൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഫണ്ട് വരെ തടസപ്പെട്ടേക്കാം. നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് എൽ.ഡി.എഫ് അംഗം സി.സി ഷിബിൻ കുറ്റപ്പെടുത്തി. നഗരസഭ ഭരണ നേതൃത്വം കൂട്ടു നിൽക്കുകയാണെന്നും ഷിബിൻ കുറ്റപ്പെടുത്തി.


എന്നാൽ ജൂലായ് മാസത്തിൽ കണ്ടെയ്ൻമെന്റ് സോണും, തുടർന്ന് ലോക്ക് ഡൗണും വന്ന സാഹചര്യത്തിലാണ് ധനകാര്യ പത്രിക സമർപ്പിക്കാൻ കഴിയാതിരുന്നതെന്ന് ചൂണ്ടിക്കാട്ടി. നഗരസഭയുടെ ഫണ്ട് നഷ്ടപ്പെട്ടുവെന്ന രീതിയിലുള്ള പ്രചരണമാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൗൺസിൽ യോഗം പാസാക്കിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ കഴിയുകയുള്ളൂവെന്നും ഇതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.


റവന്യൂ ആരോഗ്യ എൻജിനിയറിംഗ് വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന കണക്കുകൾ വച്ചാണ് സ്‌റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ നഗരസഭ സെക്രട്ടറി കെ.എസ് അരുൺ കൊവിഡ് കാലഘട്ടത്തിൽ പൂർണ്ണതോതിൽ ജീവനക്കാർക്ക് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ട്രിപ്പിൾ ലോക്ക് ഡൗൺ വന്നതിനാൽ കൗൺസിൽ യോഗം ചേരാൻ കഴിഞ്ഞില്ലെന്നും സെക്രട്ടറി കെ.എസ് അരുൺ ചൂണ്ടിക്കാട്ടി. ധനകാര്യ പത്രിക സമർപ്പിക്കുന്നതു സംബന്ധിച്ച് മുൻകൂർ അനുമതി നൽകാൻ തയ്യാറായിരുന്നുവെങ്കിലും ട്രിപ്പിൾ ലോക്ക്ഡൗണിന് ശേഷം ചേരുന്ന ആദ്യ കൗൺസിൽ യോഗത്തിൽ പാസാക്കിയാൽ മതിയെന്ന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അറിയിച്ചതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്ന ചെയർപേഴ്‌സൺ നിമ്യ ഷിജു പറഞ്ഞു.

ട്രിപ്പിൾ ലോക്ക്ഡൗൺ സമയത്ത് നിയോഗിച്ച സന്നദ്ധ സേവന പ്രവർത്തകർക്കാവശ്യമായ സഹായം നൽകാൻ നഗരസഭ ഭരണ നേതൃത്വത്തിന് ആയില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.വി ശിവകുമാർ ആരോപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ നിന്നും മുപ്പതു ലക്ഷം രൂപ അനുവദിച്ചിട്ടും അറുപത്തി അയ്യായിരം രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് ശിവകുമാർ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനം രാഷ്ട്രീയവത്കരിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കുരിയൻ ജോസഫ് കുറ്റപ്പെടുത്തി. കണ്ടെയ്ൻമെന്റ് സോണുകൾ നിലനിറുത്തുന്നതിനുള്ള മാനദണ്ഡം പൊതുജനങ്ങളോട് പറയാൻ ജില്ലാ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ടെന്നും കുരിയൻ ജോസഫ് പറഞ്ഞു.

എന്നാൽ കെ.എസ്.ഇയിൽ നിന്നുണ്ടായ രോഗ വ്യാപനം പിടിച്ചു നിറുത്താൻ കടുത്ത നിയന്ത്രണങ്ങളല്ലാതെ മറ്റ് മാർഗ്ഗം ഉണ്ടായിരുന്നില്ലെന്ന് എൽ.ഡി.എഫ് അംഗം എം.സി രമണൻ പറഞ്ഞു. ഇവിടെ സി.ഐ.ടി.യു യൂണിയൻ നേതാവിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചതെന്നും ഇക്കാര്യം മറച്ചുവെച്ചാണ് എൽ.ഡി.എഫ് പ്രചരണം നടത്തുന്നതെന്നും യു.ഡി.എഫ് അംഗം പറഞ്ഞു. നഗരസഭയിൽ നിന്നും നിരന്തരം ബന്ധപ്പെട്ടിട്ടും ലോക്ഡൗൺ കാര്യത്തിൽ ജില്ലാ ഭരണകൂടത്തിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ അബ്ദുൾ ബഷീർ പറഞ്ഞു.