തൃശൂർ: കൊവിഡ് സൃഷ്ടിച്ച കനത്ത സാമ്പത്തിക, ആരോഗ്യപ്രതിസന്ധികൾ ഉൾക്കൊണ്ട് രോഗപ്രതിരോധ വഴികൾ പാലിച്ച് ജനം ഓണവിപണിയിലേക്ക്. അത്തം പിറക്കുന്നതിൻ്റെ തലേദിവസം തന്നെ നിയന്ത്രണങ്ങളോടെ പൂക്കച്ചവടവും സജീവമാകാൻ തുടങ്ങി.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈയാണ്ടിലെ ഓണവിപണിയിൽ കർശന നിയന്ത്രണം നടപ്പാക്കാനാണ് മന്ത്രി എ.സി മൊയ്തീൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലെ തീരുമാനം. പൂക്കച്ചവടം സാമൂഹിക അകലം പാലിച്ചു നടത്താം. ജീവനക്കാരുടെ പേരും വിലാസവും വാങ്ങാനെത്തുന്നവരുടെ പേരും വിലാസവും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി ബന്ധപ്പെട്ടവർക്ക് നൽകണം. അസോസിയേഷനുകൾ, ക്ലബ്ബുകൾ, കൂട്ടായ്മകൾ എന്നിവ നടത്തുന്ന പൂക്കള മത്സരം നിരോധിച്ചിട്ടുണ്ട്.
തെക്കേഗോപുര നടയിലെ ഭീമൻപൂക്കളവുമുണ്ടാകില്ല. സ്കൂളുകളും കോളേജുകളും ഇല്ലാത്തതിനാൽ അവിടങ്ങളിലെ ആഘോഷം ഉണ്ടാകില്ല. വീടുകളിൽ മാത്രമാകും പൂക്കളം. അതുകൊണ്ട് പൂ വിപണിയിൽ ആൾത്തിരക്ക് കുറയും. കൊവിഡിനെ തുടർന്ന് ആരാധനാലയങ്ങൾ അടച്ചിരിക്കുന്നതിനാൽ പൂക്കൾക്ക് ചെലവുണ്ടായിരുന്നില്ല. മികച്ച രീതിയിൽ കച്ചവടം നടക്കേണ്ട ഉത്സവ, വിവാഹ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പെത്തിയ ലോക്ക് ഡൗൺ പൂക്കച്ചവടക്കാരുടെ നടുവൊടിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുളള പൂക്കളുടെ വരവും കുറഞ്ഞു. വഴിയോരക്കച്ചവടം മാനദണ്ഡങ്ങൾക്കനുസരിച്ച് പരിമിതമായി നടത്താമെന്നാണ് നിർദ്ദേശം.
മന്ത്രിതലയോഗ തീരുമാനങ്ങൾ:
അരുത്
കടകളിലെ കച്ചവടം, ഓണാഘോഷ പരിപാടികൾ, പൂക്കള മത്സരം
കടകളിൽ 60 വയസിന് മുകളിലുള്ളവരെയും 10 വയസിന് താഴെയുള്ളവരെയും പ്രവേശിപ്പിക്കില്ല.
കലാകായിക പരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്ക് നിരോധനം
കണ്ടെയ്ൻമെൻ്റ് സോണുകളിൽ തട്ടുകടകളും വഴിയോര കച്ചവടങ്ങളും പൂർണ്ണമായി നിരോധിക്കും.
കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് മാറി കച്ചവടം അനുവദിക്കില്ല.
ഇളവുകൾ
കാറ്ററിംഗ് സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് പാചകം ചെയ്ത് ഭക്ഷണസാധനം പാഴ്സലായി വീട്ടിലെത്തിക്കാം. അതിന് ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം
സ്ഥാപനത്തിലെ ആളുകളുടെ പേരും വിലാസവും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണം. സുരക്ഷാ മാനദണ്ഡങ്ങളോടെ കച്ചവടം
കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മാത്രം പ്രവർത്തിപ്പിക്കാം. തെർമൽ സ്‌കാനർ, സാനിറ്റൈസർ, സോപ്പ് എന്നിവ ഉണ്ടാകണം.
ദിവസവും സ്ഥാപനവും പരിസരവും അണുവിമുക്തമാക്കണം. തട്ടുകടകളുടെ പ്രവർത്തനം തദ്ദേശ സ്ഥാപനം, ആരോഗ്യ വിഭാഗം, പൊലീസ് എന്നിവയുടെ നിർദ്ദേശ പ്രകാരം നടത്തണം.