അന്തിക്കാട് :അന്തിക്കാട്, ചാഴൂർ, താന്ന്യം പഞ്ചായത്തുകൾക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി 26ന് ഉച്ചയ്ക്ക് 12ന് ചിറക്കൽ പ്ലാന്റിൽ നടക്കുന്ന ചടങ്ങിൽ ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് ഗീത ഗോപി എം.എൽ.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 34.76 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. പുതിയ പ്ലാന്റ് പൂർത്തികരിക്കും വരെ 1 എം.എൽ.ഡി ശേഷിയുള്ള 2 പ്രഷർ ഫിൽറ്ററുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം തടസ്സമില്ലാതെ തുടരുന്നതിനുള്ള താത്കാലിക സംവിധാനം ഏർപ്പെടുത്തും. 96969 പേർക്ക് ആളോഹരി പ്രതിദിനം 100 ലിറ്റർ വീതം ജലം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും ഗീത ഗോപി എം.എൽ.എ പറഞ്ഞു.

കരുവന്നൂർ പുഴയാണ് പദ്ധതിയുടെ ജല സ്രോതസ്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കും. ഇതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന്
ശാശ്വത പരിഹാരം കാണുമെന്ന എം.എൽ.എയുടെ വാഗ്ദ്ധാനം
കൂടിയാണ് നിറവേറ്റപ്പെടുന്നത്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

ബ്ലോക്ക് പ്രസിഡന്റ് പി.സി. ശ്രീദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ അബൂബക്കർ, എ.വി. ശ്രീവത്സൻ, ജ്യോതി കനകരാജ്, കേരള വാട്ടർ അതോറട്ടി പ്രോജക്ട്
ഓഫീസർ ബി.എ. ബെന്നി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.