
എരുമപ്പെട്ടി: വേലൂർ കോടശേരി കുന്നിലെ നായാടി കോളനിയിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതികളെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. വേലൂർ തണ്ടിലം മനയ്ക്കലാത്ത് കൃഷ്ണന്റെ മകൻ സനീഷാണ് (27) മരിച്ചത്. കോളനി നിവാസി സത്യന്റെ മകൾ നാഗമ്മയെന്ന സമീറ (22), ഭർത്താവ് ചിയ്യാരം ആലം വെട്ടുവഴി കൊണ്ടാട്ടു പറമ്പിൽ ഇസ്മയിൽ ( 38), ഇയാളുടെ ബന്ധു മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് അസീസ് (27) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. സമീറയും സനീഷും തമ്മിൽ മുമ്പ് അടുപ്പമുണ്ടായിരുന്നുവെന്നും വീട്ടിലെ നിത്യ സന്ദർശകനായിരുന്നു സനീഷെന്നും കോളനി നിവാസികൾ പറയുന്നു. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചോടെ കോളനിയിലെത്തിയ സനീഷും സമീറ ഉൾപ്പെടെയുള്ള പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.
ഇതിന് ശേഷം വഴക്കുണ്ടാവുകയായിരുന്നു. പത്തിലധികം കുടുംബങ്ങളുള്ള നായാടി കോളനിയിൽ സത്യന്റെ ഉൾപ്പെടെ മൂന്ന് കുടുംബങ്ങളാണ് ഇപ്പോൾ താമസിക്കുന്നത്. വഴക്ക് തുടങ്ങിയപ്പോൾ മറ്റുള്ള രണ്ട് കുടുംബങ്ങളും കോളനിയിൽ നിന്ന് പുറത്തേക്ക് പോയി. രാത്രി ഒമ്പതോടെ ഇവർ തിരിച്ചെത്തിയപ്പോൾ സനീഷിനെ മരത്തിൽ കെട്ടിയിട്ട് വടികളും കല്ലും ഉപയോഗിച്ച് മർദ്ദിക്കുന്നതാണ് കണ്ടത്. തടയാൻ ശ്രമിച്ച ഇവരെ ഇസ്മയിൽ കൊടുവാൾ വീശി ഭയപ്പെടുത്തി ഓടിച്ചു. പരിക്കേറ്റ് അബോധാവസ്ഥയിലായ സനീഷിനെ കൊണ്ടുപോകാൻ കോളനി നിവാസികൾ ആംബുലൻസ് വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൾ അനുവദിച്ചില്ല. തുടർന്ന് എരുമപ്പെട്ടി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സനീഷ് മരിച്ചിരുന്നു. തലയിൽ മൂന്ന് വെട്ട് കൊണ്ട മുറിവുണ്ട്.
ശരീരമാസകലം മർദ്ദനമേറ്റ പാടുണ്ട്. ഷർട്ട് മാത്രമാണ് ധരിച്ചിരുന്നത്. പൊലീസ് മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് ഓഫീസർ ഷീല ജോസ്, വിരലടയാള വിദഗ്ദ്ധൻ യു. രാംദാസ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പരിസര വാസികളുടെ മൊഴിയിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു. കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ പി. ഷിനോജ്, ഇൻസ്‌പെക്ടർ കെ.കെ ഭൂപേഷ്, എസ്.ഐ പി.ആർ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ അക്കിക്കാവിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.