thelived

എരുമപ്പെട്ടി: വേലൂർ കോടശേരി നായാടി കോളനിയിൽ സനീഷിന്റെ കൊലപാതകം അതിക്രൂരമെന്ന് പൊലീസ്. മണിക്കൂറുകൾ നീണ്ട ക്രൂരമായ പീഡനങ്ങൾക്ക് ശേഷമാണ് സനീഷിനെ കൊലപ്പെടുത്തിയത്. കൈകാലുകൾ കയറുപയോഗിച്ച് കെട്ടിയത് സമീറയാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മരത്തിൽ കൈകാലുകൾ ബന്ധിച്ച് വൈകീട്ട് അഞ്ചോടെ തുടങ്ങിയ മർദ്ദനം രാത്രി പത്ത് വരെ തുടർന്നു. പ്രതികളായ നാഗമ്മയെന്ന സമീറയും ഭർത്താവ് ഇസ്മയിലും ഇയാളുടെ ബന്ധു അസീസും ചേർന്ന് വടികളും കല്ലും ഉപയോഗിച്ചാണ് സനീഷിനെ മർദ്ദിച്ചത്. പ്രതികൾ മൂന്ന് പേരും സനീഷും അമിതമായി മദ്യപിച്ചിരുന്നു. തടയാൻ ശ്രമിച്ച കോളനിയിലുള്ളവരെ പ്രതികൾ കൊടുവാൾ വീശി ഭയപ്പെടുത്തി ഓടിപ്പിച്ചു.

ഇതിന് ശേഷം കൊടുവാൾ ഉപയോഗിച്ച് സനീഷിന്റെ തലയിൽ വെട്ടി. വെട്ടുകൊണ്ട മൂന്ന് അടയാളമുണ്ട് തലയിൽ. കൈകാലുകളിൽ കത്തികൊണ്ട് വരഞ്ഞ മുറിവുണ്ട്. മരണം ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതികൾ കടന്ന് കളഞ്ഞത്. സനീഷിന്റെ നിറുത്താതെയുള്ള കരച്ചിൽ കേട്ടിരുന്നതായി കുന്നിന് താഴെ താമസിക്കുന്നവർ പറഞ്ഞു. കോളനിയിൽ വഴക്ക് പതിവായതിനാൽ ആരും തിരിഞ്ഞ് നോക്കിയില്ല. സനീഷും സമീറയും തമ്മിൽ മുമ്പ് അടുപ്പമുണ്ടായിരുന്നു. ആറ് വർഷം മുമ്പാണ് ഇസ്മയിൽ സമീറയെ വിവാഹം ചെയ്തത്. നാഗമ്മയെന്ന സമീറയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇസ്മയിൽ പിന്നീട് ഇവരെ വിവാഹം കഴിക്കുകയായിരുന്നു.

ഇതിന് ശേഷവും സനീഷും സമീറയും ബന്ധമുണ്ടായിരുന്നതായും പറയുന്നു. ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് സനീഷിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ കോളനിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് സംശയമുണ്ട്. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതികൾ യാതൊരു സങ്കോചവുമില്ലാതെയാണ് കൃത്യം വിവരിച്ചത്. ഗുണ്ടാ നേതാവായിരുന്ന ചാപ്ലി ബിജുവിന്റെ സംഘാഗങ്ങളായ ഇവർ പേരാമംഗലം, നെടുപുഴ പൊലീസ് സ്റ്റേഷനുകളിലെ കൊലപാതക കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണ്. പൊലീസ് കാപ്പ ചുമത്തിയ കുറ്റവാളിയാണ് ഇസ്മയിൽ. കത്തിക്കുത്ത് കേസിൽ ജയിലിലായിരുന്ന അസീസ് നാല് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ 12 മണിക്കൂറിനുള്ളിൽ അക്കിക്കാവിലെ ഒളി സങ്കേതത്തിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ ടി.എസ് സിനോജ്, എരുമപ്പെട്ടി ഇൻസ്‌പെക്ടർ കെ.കെ ഭൂപേഷ്, എസ്.ഐമാരായ പി.ആർ രാജീവ്, സനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി, ചേലക്കര ഇൻസ്‌പെക്ടർമാരായ മാധവൻകുട്ടി, രവി, എ.എസ്.ഐമാരായ സന്തോഷ് ദേവസി, സുധീഷ്, സാബു, ജയൻ, ഓഫീസർമാരായ കബീർ, രാജേഷ്, ഉദയൻ, സുജു, ജംഷീന, സനൽ, ശ്രീനാഥ്, നാരായണൻ, സജിത്ത് ആന്റോ, സുമേഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.