തൃശൂർ: കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾക്കിടയിലും കേരളത്തിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി ചരക്ക് തീവണ്ടികൾ കുതിച്ചെത്തുന്നു. കേന്ദ്രത്തിന്റെ റേഷൻ വിഹിതവും ഇക്കൂട്ടത്തിലുണ്ട്. കൊവിഡ് പരന്നതോടെ ചരക്ക് ഗതാഗതം മാത്രമാണ് റെയിൽവേയുടെ പ്രധാനവരുമാന മാർഗം.
ചരക്ക് ഗതാഗതം സുഗമമായതിനാൽ റേഷൻ കേന്ദ്രവിഹിതം അയൽ സംസ്ഥാനങ്ങളിൽ നിന്നും വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കൊവിഡ് കരുതലെന്ന നിലയിൽ രണ്ടരമാസത്തേക്കുള്ള വിഹിതം എത്തിക്കഴിഞ്ഞു. കേരളത്തിലാകെ 85 മെട്രിക് ടൺ അരിയാണ് ആവശ്യം വേണ്ടത്.
പ്രധാനമന്ത്രിയുടെ കൊവിഡ് കരുതൽ റേഷൻ അന്ത്യോദയ, മുൻഗണന വിഭാഗങ്ങൾക്ക് നവംബർ വരെ നൽകുന്നുണ്ട്. മുൻഗണനേതര, പൊതു വിഭാഗം കാർഡുകൾക്ക് സംസ്ഥാന സർക്കാറും കുറഞ്ഞ വിലയിൽ അരി നൽകുന്നുണ്ട്.
രണ്ടാഴ്ച കൊണ്ട് എത്തിയിരുന്നത് ഒരാഴ്ച കൊണ്ട്
പഞ്ചാബ്, ഹരിയാന, മദ്ധ്യപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നും നേരത്തെ ഗോതമ്പ് അടക്കം ഭക്ഷ്യധാന്യങ്ങൾ കേരളത്തിൽ എത്തുന്നതിന് 12 മുതൽ 14 ദിവസം വരെ വേണ്ടി വന്നിരുന്നു. നിലവിൽ അത് ഏഴ് ദിവസങ്ങൾക്കകം ലക്ഷ്യസ്ഥാനത്തെത്തുന്നു. ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് ദിവസം കൊണ്ടുവന്നിരുന്ന അരി അടക്കം സാധനങ്ങൾ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഗോഡൗണുകളിലെത്തുകയാണ്. യാത്രാ ട്രെയിനുകൾക്ക് മുൻഗണന നൽകുന്നതിനാൽ ചരക്ക് ട്രെയിനുകൾ പലയിടത്തും പിടിച്ചിടുകയായിരുന്നു നേരത്തെ പതിവ്. വാഗണുകൾ ബുക്ക് ചെയ്താൽ കിട്ടാൻ പ്രയാസവുമായിരുന്നു. മെട്രിക് ടൺ കണക്കിന് അരിയും ഗോതമ്പുമാണ് എഫ്.സി.ഐ ഗോഡൗണുകളിൽ ശേഖരിച്ചിരിക്കുന്നത്.
കരുതൽ ശേഖരം 85 ശതമാനം
സെപ്തംബർ മാസം വരെയുള്ള അരി ഇതുവരെ കേരളത്തിലേക്ക് എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ 24 എഫ്.സി.ഐ ഗോഡൗണുകളിലും കരുതൽ ശേഖരം 85 ശതമാനത്തോളമാണ്. അഞ്ചര ലക്ഷം മെട്രിക് ടൺ ശേഷിയാണ് കേരളത്തിലെ എഫ്.സി.ഐ ഗോഡൗണുകൾക്കുള്ളത്. നാലര ലക്ഷത്തിലേറെ മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു കഴിഞ്ഞു.