വാടാനപ്പിള്ളി: കൊവിഡ് പൊസിറ്റീവായ വാടാനപ്പിള്ളി ജനത സ്റ്റോഴ്സിലെ ജീവനക്കാരിയുടെ സമ്പർക്കപ്പട്ടികയിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുൾപ്പെടെ വാടാനപ്പിള്ളിയിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ 22 പേർ രോഗ ബാധിതരാണെന്ന് കണ്ടെത്തി. പടിയം സ്വദേശിനിയായ യുവതിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സ്ഥാപനത്തിലെ മറ്റുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കി.

ജനത സ്റ്റോഴ്സ് ഉടമ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ രണ്ടു പേർ, സ്ഥാപനത്തിലെ ജീവനക്കാരായ 16 പേരും കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നിന്നും രോഗ ബാധിതയായ വ്യക്തിയുടെ കുടുംബാംഗങ്ങളായ മൂന്നു പേർക്കുമാണ് ഇന്നലെ കരുണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നടത്തിയ പരിശോധനയിൽ പൊസിറ്റീവായത്.

ഇവരിൽ 13 പേർ വാടാനപ്പിള്ളി പഞ്ചായത്തിൽ നിന്നുള്ളവരാണ്. മണലൂർ പഞ്ചായത്ത് 6, തളിക്കുളം പഞ്ചായത്ത് 2, ഏങ്ങണ്ടിയൂർ പഞ്ചായത്ത് 1 എന്നിങ്ങനെയാണ് പൊസിറ്റീവ് കേസുകൾ. 43 പേരെയാണ് ഇന്നലെ ടെസ്റ്റിന് വിധേയമാക്കിയത്. മുരളി പെരുനെല്ലി എം.എൽ.എ, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി, വാടാനപ്പിള്ളി ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 1 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ജനതാ സ്റ്റോഴ്സ് സന്ദർശിച്ചവർ എത്രയും വേഗം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.