ചേർപ്പ്: ഓണക്കാല സന്തോഷത്തിന്റെ ഏറിയ പങ്കും കൊവിഡ് ഭീതിയിൽ മുങ്ങിയതിന്റെ നൊമ്പരത്തിലാണ് മലയാളികൾ. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഓണക്കാല വിപണികൾക്കു പുറമേ നാട്ടിൻ പുറങ്ങളിലെ ആഘോഷങ്ങളും നഷ്ടമാകുന്ന അവസ്ഥയാണ്. ഇത്തരത്തിൽ കഴിഞ്ഞ കാലങ്ങളിലെ ഓണാഘോഷങ്ങൾ ഓർത്തെടുക്കുകയാണ് വല്ലച്ചിറ ഗ്രാമം. നാടൻ കലാകായിക മത്സരങ്ങളുടെയും സാംസ്‌കാരികതയുടെയും സംഗമ ഭൂമിയായി മാറുന്ന കാഴ്ച ഇക്കുറി ഉണ്ടായേക്കില്ല. കൊവിഡ് മഹാമാരിയെ തുടർന്ന് ആഘോഷങ്ങൾക്ക് മുതിരാതെ 59-ാം വർഷം പിന്നിടുന്ന ഓണാഘോഷമാണ് വല്ലച്ചിറ ഗ്രാമം ഇത്തവണ ഉപേക്ഷിച്ചത്.

ഓണത്തിന് മാസങ്ങൾ മുൻപെ വല്ലച്ചിറയിൽ ഓണഘോഷങ്ങൾക്ക് ആരംഭം കുറിക്കും. വില്ലടിച്ചാൻ പാട്ട്, നന്തുണിപ്പാട്ട്, ഐവർകളി, നാടൻ കലാരൂപങ്ങൾ, കുമ്മാട്ടി, നാടകങ്ങൾ, ബാലെ, തിരുവാതിരക്കളി, ഓട്ടൻതുള്ളൽ, കാവ്യപാരായണം, ചിത്രരചന മത്സരങ്ങൾ, പെയിന്റിംഗ് , കളിമൺ ശില്പ നിർമ്മാണം, കസേരക്കളി, ഓട്ടമത്സരം, വടം വലി തുടങ്ങിയവടക്കമുള്ള വിപുലമായ ആഘോഷമാണിവിടെ. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, മൺമറഞ്ഞു പോയ കവി മുല്ലനേഴി, വല്ലച്ചിറ മാധവൻ, കൃഷ്‌ണേട്ടൻ, സംവിധായകൻ പ്രിയനന്ദനൻ, ശശിധരൻ നടുവിൽ, അഷ്ടമൂർത്തി, ഉഷാ നങ്ങ്യാർ, നന്ദകുമാർ മൂർക്കത്ത്, നന്ദകിഷോർ, പി.കെ. ഭരതൻ മാസ്റ്റർ, ശങ്കർ ജി മാസ്റ്റർ, ജോൺസൺ ചിറമ്മൽ, നടേശ് ശങ്കർ തുടങ്ങിയവർ വല്ലച്ചിറ ഓണാഘോഷങ്ങളിലൂടെ കലാ സാഹിത്യ സംഗീത കഴിവുകൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം ആഘോഷങ്ങൾ ഒഴിവാക്കി കൊവിഡ് മഹാമാരിയെ അതിജീവിക്കാൻ നാടിന്റെ നന്മക്കായി അണിചേരുകയാണ് ഗ്രാമവാസികളും കലാപ്രവർത്തകരും.

................................

പ്രളയം മാറ്റ് കുറച്ചെങ്കിലും ഇങ്ങനെ ഉണ്ടായിട്ടില്ലെന്ന് പൂർവികർ

ഓണം കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ച കാലം മുതൽ വല്ലച്ചിറ ഓണാഘോഷങ്ങൾക്കും പിറവി കൊണ്ടു. 1962ലാണ് വല്ലച്ചിറ പഞ്ചായത്തിന്റെയും ജനകീയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഓണാഘോഷം നടത്തി വരുന്നത്. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഓണാഘോഷങ്ങൾക്ക് പൊലിമ കുറച്ചത് ഒഴികെ പൂർണമായും മുടങ്ങിയ കാലം ഉണ്ടായിട്ടില്ലെന്ന് പൂർവികർ പറയുന്നു. പ്രദേശത്തെ പത്തിലേറെ ക്ലബുകളുടെയും സംഘടനകളുടെയും വീറും വാശിയും നിറഞ്ഞ സജീവ പങ്കാളിത്വം ഓണാഘോഷ മത്സരങ്ങൾക്ക് ഇവിടെ ഉണ്ടാകാറുണ്ട്.