ചാലക്കുടി: നഗരസഭാ പരിധിയിൽ വീണ്ടും കൊവിഡ് കേസുകൾ കൂടി. നഗരസഭാ പരിധിയിൽ ഏഴ് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. പവ്വർ ഹൗസ് വാർഡിൽ രണ്ടു പേർക്കാണ് രോഗം കണ്ടെത്തിയത്. ഇവിടെ ഫാസ് ഓഡിറ്റോറിയത്തിന് സമീപത്തുള്ള ഗർഭിണിയായ യുവതിയ്ക്ക് രോഗബാധയുണ്ട്. ഹരിയാനയിൽ നിന്നെത്തിയതാണ്. വെട്ടുകടവ് കപ്പേളയ്ക്കടുത്ത് ഗർഭിണിയായ മറ്റൊരു യുവതിയ്ക്കും രോഗം. കണ്ണമ്പുഴ വാർഡിൽ യുവാവിനും വൈറസ് ബാധയുണ്ട്. സിത്താര നഗർ വാർഡിലും യുവാവ് രോഗ ബാധിതനായി. ഐ.ആർ.എം.എൽ.പി സ്‌കൂൾ വാർഡിൽ ഗൂഡല്ലൂരിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു. വി.ആർ. പുരത്ത് വീട്ടമ്മയും രോഗബാധിതയാണ്. മേലൂർ പുഷ്പരിഗിരിയിൽ ടിപ്പർ ലോറി ഡ്രൈവറിലും രോഗം കണ്ടെത്തി.

കൊരട്ടിയിലും ഇന്നലെ മൂന്നു കൊവിഡ് കേസുകളുണ്ട്. ആറ്റപ്പാടത്ത് മുംബായിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്ന യുവാവിനും നാലുകെട്ടിൽ വർക്ക് ഷോപ്പ് ജീവനക്കാരനും രോഗം കണ്ടെത്തി.പുതുക്കാട് കൊവിഡ് ഡിറ്റൻഷൻ കേന്ദ്രത്തിലെ പൊലീസുകാരനായ കോനൂർ സ്വദേശിയും രോഗ ബാധിതനാണ്. അതിരപ്പിള്ളിയിലെ രണ്ടു പേർക്ക് കൊവിഡ് കണ്ടെത്തി. അമ്മയ്ക്കും മകൾക്കുമാണ് രോഗം. ഇരിങ്ങാലക്കുട ആശുപത്രിയിലെ ചികിത്സയിൽ രോഗം കണ്ടെത്തിയ ഇവർക്ക് താമസ സ്ഥലമായ പിള്ളപ്പാറയുമായി ബന്ധമില്ല. വെറ്റിലപ്പാറ കണ്ടെയ്‌മെന്റ് സോണാക്കുന്നതിന് മുമ്പ് ഇരിങ്ങാലക്കുടയിലേയ്ക്ക് പോയതായിരുന്നു.