കയ്പമംഗലം:മൂന്നുപീടികയിലെ ജ്വല്ലറി മോഷണം അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. തീരദേശത്തെ സ്വർണ്ണ കവർച്ച കേസുകൾ ഇതിനോടകം തന്നെ പൊലീസിന് തലവേദനയാണ്. ഇവിടങ്ങളിലെ സി.സി.ടി.വി പ്രവർത്തന രഹിതമായതും പൊലീസ് സംഘത്തെ കുഴക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദേശീയപാത 66 പെരിഞ്ഞനം മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടെ ഭിത്തി കുത്തി തുരന്ന് മൂന്നേകാൽ കിലോ സ്വർണ്ണമാണ് കവർന്നത്.പതിനഞ്ച് കിലോമീറ്ററിനുള്ളിലെ രണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പ്രതികൾ കാണാമറയത്ത്
വലിയ മോഷണങ്ങളിലൊന്നും തുമ്പുണ്ടാക്കാനോ പ്രതികളെ പിടികൂടാനോ കഴിയാത്തത് വലിയ രീതിയിലുള്ള വിമർശനത്തിനാണ് ഇടയാക്കുന്നത്. പലയിടത്തും സി.സി.ടി.വികൾ തകരാറിലാണെന്നതും പൊലീസ് അന്വേഷണത്തെ കുഴക്കുന്നുണ്ട്. ഒരു വർഷം മുമ്പ് മതിലകത്തെ വീട്ടിൽ നിന്നും നൂറുപവനിലധികം സ്വർണം നഷ്ടപ്പെട്ടിരുന്നു. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അടച്ചിട്ട വീടിന്റെ പിൻവാതിൽ തകർത്ത് മോഷണം നടന്നത്. പ്രത്യേക സംഘം രൂപീകരിച്ച് ഇതര സംസ്ഥാനതൊളിലാളികളും നാടോടികളുമടക്കം നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ പൊലീസിനായില്ല. ഇതിനിടയിലാണ് കയ്പമംഗലം സ്റ്റേഷൻ പരിധിയിൽ മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് രഹസ്യ അറയിലെ മൂന്നേ കാൽ കിലോ സ്വർണാഭരണങ്ങൾ കവർന്നത്. തൊട്ടടുത്ത ബാങ്കിലടക്കം സുരക്ഷാ ജീവനക്കാർ ഉണ്ടായിട്ടും ജ്വല്ലറിയിൽ മോഷണം നടന്നത് കൃത്യമായ മുന്നൊരുക്കത്തോടെയാണെന്നതിന് തെളിവാണ്. ഇവിടുത്തെ സി.സി.ടി.വിയും പ്രവർത്തന രഹിതമാണ്. കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുകൂടി എത്തിയാണ് മോഷ്ടാക്കൾ ജ്വല്ലറിയുടെ ചുവര് തുരന്ന് അകത്ത് കയറിയത്. ദേശീയ പാതയിലെ പല സെന്ററുകളിലും വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി.കൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും മെയിന്റനൻസ് ഇല്ലാതെ കണ്ണടച്ചിരിക്കുകയാണ്. ലഭ്യമായ സി.സി.ടി.വി അടക്കമുള്ളവയിൽ നിന്ന് തെളിവുകൾ ശേഖരിച്ച് എത്രയും വേഗം പ്രതികളെ വലയിലാക്കുമെന്നാണ് പൊലീസ് പറയുന്നത്.
"മൂന്നുപീടികയിലെ മോഷണം അന്വേഷിക്കാൻ ഇരിങ്ങാലകുട ഡിവൈ.എസ്.പി. ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ 25 അംഗ സംഘത്തെ അന്വേഷണ ചുമതല എൽപ്പിച്ചിട്ടുണ്ട്."
ആർ. വിശ്വനാഥൻ
തൃശൂർ റൂറൽ എസ്.പി