chengali

തൃശൂർ: തേൻതുള്ളിക്കൊത്ത സ്വാദ്, സ്വർണ്ണവർണ്ണം, ഭൗമസൂചികാ പദവി... ! ചെങ്ങാലിക്കോടന്റെ പേരിനും പെരുമയ്ക്കുമൊത്ത പകിട്ടില്ലാതെ, വിളയിച്ച കർഷകന് കൊവിഡ് കാലത്ത് കണ്ണീരോണം. അത്തം പിറന്നപ്പോഴും വിപണിയിൽ കിലോഗ്രാമിന് 65-75 രൂപയാണ് വില. എന്നാൽ കർഷകർക്ക് അതിന്റെ പകുതി പോലും ലഭിക്കുന്നില്ല. സർക്കാർ സംവിധാനം കായ വാങ്ങുന്നതിലും കർഷകർക്ക് മതിയായ വില നൽകുന്നതിലും ജാഗ്രത കാട്ടുന്നുമില്ല. ഇടനിലക്കാർ വഴി വിറ്റഴിച്ചപ്പോൾ ചിലർക്ക് കിലോഗ്രാമിന് 20-30 രൂപ മാത്രമാണ് ലഭിച്ചത്.

കൃഷിക്ക് പതിനായിരം ചെലവിട്ട കർഷകന് ഇതോടെ നഷ്ടം മാത്രം ബാക്കി. കഴിഞ്ഞ ആഴ്ചകളിൽ ഇതിലും പരിതാപകരമായിരുന്നു. മുൻവർഷങ്ങളിൽ 90-100 രൂപ വിലയുണ്ടായിരുന്ന ചെങ്ങാലിക്കോടന് അമ്പത് രൂപ വരെയെത്തി. കഴിഞ്ഞദിവസമാണ് വില അൽപ്പം കയറിയത്. എങ്കിലും കർഷകർക്ക് നഷ്ടം തന്നെ. കൊവിഡ് വ്യാപനവും പ്രളയസാദ്ധ്യതയും കർഷകരുടെ ചങ്കിടിപ്പ് കൂട്ടി മുണ്ടത്തിക്കോട്, ആളൂർ, പെരിങ്ങണ്ടൂർ, വേലൂർ, കൈപ്പറമ്പ്, പുത്തൂർ മേഖലകളിലാണ് വ്യാപകമായി ചെങ്ങാലിക്കോടൻ കാഴ്ചക്കുല കൃഷി ചെയ്തത്. പിന്നീട് എരുമപ്പെട്ടി, വരവൂർ, കടങ്ങോട്, അവണൂർ, ചൊവ്വന്നൂർ, ഗുരുവായൂർ, ചൂണ്ടൽ, കുന്നംകുളം, എയ്യാൽ, കേച്ചേരി, മങ്ങാട്, നെല്ലുവായ്, പാണഞ്ചേരി, ആമ്പല്ലൂർ, നടത്തറ, പുതുക്കാട് , വടക്കാഞ്ചേരി, ദേശമംഗലം, നെല്ലുവായ് ഭാഗങ്ങളിലും വ്യാപകമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മഴയിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതാണ് ആശ്വാസം. ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നതിനും വിവാഹം കഴിഞ്ഞ് വീടുകളിലേക്ക് നൽകുന്നതിനുമാണ് കാഴ്ചക്കുലകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഈ ഓണക്കാലത്ത് അതെല്ലാം തകിടം മറിഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ ദീപസ്തംഭത്തിന് മുന്നിൽ കാഴ്ചക്കുലകൾ സമർപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഭക്തർ. കാഴ്ചക്കുലകൾക്ക് മോഹവിലയുണ്ടെങ്കിലും കുറഞ്ഞവിലയ്ക്ക് കാഴ്ചക്കുലകൾ വിൽക്കേണ്ടി വരുമെന്നാണ് കച്ചവടക്കാർ കരുതുന്നത്.


റെക്കാഡ് വിലയുളള കായ


ലക്ഷണമൊത്ത ഒരു നേന്ത്രക്കുലയ്ക്ക് 2,500 രൂപ വരെ വിലയിട്ട് റെക്കാഡ് നേടിയിട്ടുണ്ട് ചെങ്ങാലിക്കോടൻ. മൂന്നു വർഷം മുമ്പ് ഓണക്കാലത്ത് ഭൗമസൂചികാപദവിയുടെ നേട്ടവുമായാണ് വിപണികളിലെത്തിയത്. ചെന്നൈ കേന്ദ്രമായുള്ള ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് രജിസ്ട്രിയാണ് രൂപത്തിലും നിറത്തിലും രുചിയിലും കേമം എന്നറിയപ്പെടുന്ന ചെങ്ങാലിക്കോടൻ നേന്ത്രപ്പഴത്തിന് കഴിഞ്ഞ വർഷം ജി.ഐ (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ) സമ്മാനിച്ചത്.

സവിശേഷതകൾ


ഗുരുവായൂർ ക്ഷേത്രത്തിലെ കാഴ്ചക്കുല സമർപ്പണത്തിലെ വി.ഐ.പി

തലമുറകൾ കൈമാറി ലഭിച്ച കൃഷിരീതിയുടെ ഫലം, ചെങ്ങഴിവാലി താഴ്‌വരയിലെ അപൂർവ്വ വിത്തുഗുണം

ചുവന്ന കുത്തുകളുള്ള സ്വർണമഞ്ഞ നിറം, മനോഹരമായ ആകൃതി, ഒമ്പതോ പത്തോ പടലകളിൽ 20 ഓളം പഴങ്ങൾ

മറ്റു കായകളേക്കാൾ പരിപാലനച്ചെലവ് കൂടുതലാണെങ്കിലും മോഹവില കിട്ടും

പച്ചക്കായ കൊണ്ട് ഉപ്പേരിയുണ്ടാക്കാനും ശർക്കരവരട്ടിക്കും പഴംനുറുക്കിനും ചെങ്ങാലിക്കോടനെ വെല്ലാൻ മറ്റൊന്നില്ല