surendran

തൃശൂർ: അദാനിക്കെതിരെ സമരം നടത്തുമ്പോൾ തന്നെ അവർക്ക് കൺസൾട്ടൻസി കരാർ നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുമ്പിടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരിഹാസം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് താൻ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തും.

1.51 കോടി രൂപ കെ.പി.എം.ജിക്കാണ് കൺസൾട്ടൻസി പോയിരിക്കുന്നത്. അദാനി ആരുടെ ആളാണെന്ന് പിണറായിയോട് ചോദിക്കണം. സ്വർണക്കടത്ത് പിടിച്ചില്ലെങ്കിൽ പിണറായി കേരളത്തെ വിഴുങ്ങുമായിരുന്നു. കടകംപള്ളിക്ക് കമ്മിഷൻ അടിക്കാൻ പറ്റാത്തതിന്റെ ബേജാറാണ്.

യുണിടാക്കും സ്വപ്‌നയും സരിത്തും ശിവശങ്കരനും മാത്രമുള്ള ഇടപാടല്ല. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും മുഖ്യഗുണഭോക്താവും മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണ് അന്വേഷണത്തിന് തയ്യാറാകാത്തത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിൽ നാലരക്കോടി രൂപ കൈക്കൂലി കൊടുത്തെന്ന് പറഞ്ഞത് പാർട്ടി ചാനൽ തന്നെയാണ്. നിർമ്മാണം ഏറ്റെടുത്ത കമ്പനി എട്ട് കോടിയെങ്കിലും ലാഭം ലഭിക്കാതെ ഇതിന് മുതിരില്ല. തന്റെ ഓഫീസിലെ മറ്റുചിലർക്കും തട്ടിപ്പുസംഘമായി ബന്ധമുണ്ടെന്നുള്ള ഇ.ഡിയുടെ റിപ്പോർട്ട് കോടതിയിൽ വന്നിട്ടിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാന സെക്രട്ടി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ഉല്ലാസ് ബാബു, അഡ്വ. കെ.ആർ. ഹരി, അഡ്വ. രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.