തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി നഗരസഭയിലെ ചരൽ പറമ്പിൽ നിർദ്ധന കുടുംബങ്ങൾക്ക് നിർമ്മിക്കുന്ന ഫ്ലാറ്റ് വിവാദം മുറുകുന്നു. ചരൽ പറമ്പിലേക്ക് രാഷ്ട്രീയ നേതാക്കളുടെ കുത്തൊഴുക്ക്. സ്ഥലം എം.എൽ.എ അനിൽ അക്കര ഉയർത്തികൊണ്ട് വന്ന വിഷയം കേരളത്തിലെ പ്രധാന ചർച്ച വിഷയമായി കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ലൈഫ് പദ്ധതിയിലെ പിടിപ്പുകേടുകൾ വോട്ടിൽ തങ്ങൾക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഫ്ലാറ്റ് സന്ദർശിച്ചു. ഫ്ലാറ്റ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും 27 ന് വടക്കാഞ്ചേരിയിൽ ഏകദിന ഉപവാസം നടത്തും. ശനിയാഴ്ച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥലം സന്ദർശിച്ചു.
യു.എ.ഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയിൽ നേരിട്ട് പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ലെന്നിരിക്കെ കേന്ദ്ര സർക്കാർ അറിയാതെ എങ്ങനെ റെഡ് ക്രസന്റിന്റെ പണം ചെലവാക്കിയെന്നത് സംബന്ധിച്ചു വിവാദം മുമുറുകയാണ്. മന്ത്രി എ.സി.മൊയ്തീൻ അടക്കമുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്.
ആകെ വീടുകൾ -14
നിർമ്മാണ ചിലവ് -20 കോടി
അഴിമതി ആരോപണം -4.5കോടി
നഗരസഭയുടെ വാദങ്ങൾ
"മുഖ്യമന്ത്രി അറിഞ്ഞു നടത്തിയ ഭീകര കൊള്ളയാണിതെന്ന് തുടക്കം മുതൽ പരിശോധിച്ചാൽ വ്യക്തമാകും. മുൻ ജില്ലാ കളക്ടറുടെ സ്ഥാനമാറ്റം പോലും ഗൂഢാലോചനയാണ്. കൊളളപ്പണത്തിന്റെ വലിയൊരു ശതമാനം മുഖ്യമന്ത്രിയുമായി അടുപ്പമുളളവരിലേക്കാണ് പോയിരിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണത്തിന് തയ്യാറാകാത്തത്. അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പ്രതിയാകും. തട്ടിപ്പിന്റെ സൂത്രധാരൻ സ്വപ്‌നയും ശിവശങ്കറുമല്ല, മുഖ്യമന്ത്രിയാണ്."
കെ.സുരേന്ദ്രൻ
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
"വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ല. റെഡ്ക്രസന്റ് ആണ് നിർമ്മാണ കരാർ ഒപ്പിട്ടത്. അനിൽ അക്കര എം.എൽ.എ നടത്തുന്നത് രാഷ്ട്രീയ പ്രചാരവേലയാണ്. ലൈഫ് മിഷൻ പ്രകാരമുള്ള പദ്ധതിയാണിത്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേത്"
എ.സി.മൊയ്തീൻ
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
"140 കുടുംബങ്ങൾക്ക് താമസിക്കാൻ കെട്ടിടം നിർമിക്കുന്ന സ്ഥലം പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണ്. എം.എൽ.എയായ താൻ പോലും അറിയാതെയാണ് ഭൂമി ഏറ്റെടുത്തത്. രണ്ടേക്കറിലധികം വരുന്ന ഭൂമി വലിയ വിലകൊടുത്ത് ഏറ്റെടുക്കുകയായിരുന്നു."
അനിൽ അക്കര എം.എൽ.എ