ഗുരുവായൂർ: അത്തം നാളിൽ ഗുരുവായൂർ ക്ഷേത്രനടയിൽ പൂക്കളം വിടർന്നു. കൊവിഡ് കാലമായതിനാൽ മുൻ വർഷങ്ങളെ പോലെ ആർഭാട പൂക്കളമല്ല ഇത്തവണ. മുൻവർഷങ്ങളിൽ അത്തം മുതൽ ഓണം വരെയുള്ള ദിവസങ്ങളിൽ കണ്ണന്റെ ലീലാവിലാസം അടക്കമുള്ള കഥാചിത്രങ്ങൾ പൂക്കളിൽ വിസ്മയക്കാഴ്ചകളായാണ് ഒരുക്കിയിരുന്നത്. രാത്രി ക്ഷേത്രം അടച്ചു കഴിഞ്ഞാൽ തുടങ്ങുന്ന പൂക്കളം തയ്യാറാക്കൽ പുലർച്ചെ ക്ഷേത്രം തുറക്കുന്ന സമയത്താണ് കഴിയുക. 30 ഓളം കലാകാരന്മാരാണ് പൂക്കളം തീർക്കാൻ ഒത്തുകൂടുക. എന്നാൽ ഇത്തവണ പൂക്കളം തയ്യാറാക്കുന്നതിനും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പത്തിൽ കൂടുതൽ ആളുകൾ ഉണ്ടാകാൻ പാടില്ലായെന്നാണ് നിർദേശം.
അതിനാൽ തന്നെ ചെറിയ പൂക്കളമാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിന് മുന്നിൽ തിരുമുറ്റത്താണ് പൂക്കളം തയ്യാറാക്കിയത്. മഹാവിഷ്ണുവിന്റെ വിവിധ അവതാരങ്ങളാണ് മുൻ വർഷങ്ങളിൽ തയ്യാറാക്കിയിരുന്നതെങ്കിൽ ഇത്തവണ വൃത്തത്തിലുള്ള പൂക്കളമാണ് ഇട്ടിട്ടുള്ളത്. ക്ഷേത്ര നഗരിയിലെ പൂക്കച്ചവടക്കാരുടെ വകയാണ് ഓരോ ദിവസത്തെയും കളങ്ങൾ.
ഇന്ന് തൃപ്പുത്തരി ആഘോഷം
ഗുരുവായൂർ: കൊവിഡിന്റെ നിയന്ത്രണമുള്ളതിനാൽ ചടങ്ങ് മാത്രമായി ക്ഷേത്രത്തിൽ ഇന്ന് തൃപ്പുത്തരി ആഘോഷിക്കും. പുതിയ നെല്ല് കുത്തിയുണ്ടാക്കിയ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം ഗുരുവായൂരപ്പന് നേദിക്കുന്നതാണ് ചടങ്ങ്.
ഇന്ന് ഉച്ചപൂജയ്ക്കാണ് പുത്തരി പായസം നേദിക്കുക. ഉപ്പുമാങ്ങയും പത്തിലക്കറികളും ഇന്ന് ഉച്ചപൂജയ്ക്ക് വിശേഷാൽ നിവേദിക്കും. ഇത് തൃപ്പുത്തരി ദിവസത്തെ മാത്രം പ്രത്യേകതയാണ്. പാരമ്പര്യ കഴക പ്രവൃത്തി കുടുംബമായ പുതിയേടത്ത് പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാരാണ് ഭഗവാന് നിവേദിക്കാനുള്ള ഉപ്പുമാങ്ങ തയ്യാറാക്കുന്നത്. തൃപ്പുത്തരി ദിവസം ലക്ഷക്കണക്കിന് രൂപയുടെ പുത്തരിപ്പായസമാണ് ഭക്തർ ശീട്ടാക്കുക. കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ ഇത്തവണ ഭക്തർക്ക് പായസം വിതരണം ചെയ്യുന്നില്ല.