flower

ചാലക്കുടി: കൊവിഡ് ഭീതിയിൽ അത്തപ്പൂക്കളങ്ങൾക്ക് കൈവന്നത് പഴമയുടെ പൊലിമ. വീടുകളിലെല്ലാം ഇക്കുറി പൂക്കളം തീർക്കാനെടുത്തത് തൊടിയിലെയും പാടവരമ്പിലെയും പൂക്കൾ. ചെത്തി, തുമ്പ, കോളാമ്പി, മുക്കുറ്റി തുടങ്ങി അനവധി നാടൻ പൂക്കളാണ് ഇക്കുറി മുറ്റങ്ങളിൽ നിരന്നത്. ഓർമ്മകൾ മൂന്നു പതിറ്റാണ്ട് പിന്നോട്ടു പോയ അനുഭവമായിരുന്നു ഇക്കുറിയെന്ന് പഴമക്കാരും സാക്ഷ്യപ്പെടുത്തുന്നു. മറ്റു നിരവധി ചെറിയ ഇനം പൂക്കൾ തേടി കുട്ടികൾ പരക്കം പാഞ്ഞു.

വിവിധതരം ഇലകളും പൂക്കളം ഒരുക്കാൻ ഉപയോഗപ്പെടുത്തി. വർഷങ്ങളായി ആരും തിരിഞ്ഞു നോക്കാതെ തള്ളിക്കളഞ്ഞിരുന്ന കൃഷ്ണ കിരീടത്തിനും ആവശ്യക്കാരേറെ. പെരുവിൻ പൂവെന്ന് നാടൻ പേരുള്ള ഇവയ്ക്ക് ഗതകാലത്തിൽ ഓണത്തപ്പന്മാരുടെ നെറുകയിലായിരുന്നു സ്ഥാനം. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾക്ക് കൊവിഡ് ഭീഷണിയുണ്ടെന്ന പ്രചരണമാണ് നാടൻ പൂക്കളെ ആശ്രയിക്കാൻ ഇടയാക്കിയത്. ഇതോടെ ചെണ്ടുമല്ലി ഉൾപ്പെടെയുള്ളവ കളത്തിന് പുറത്തായി. അരളി, വാടാമല്ലി ഇവയ്ക്കും ആവശ്യക്കാർ തീരെക്കുറഞ്ഞു. മുറ്റത്ത് വളർത്തുന്ന ചെണ്ടുമല്ലി മാത്രമാണ് പൂക്കളങ്ങൾക്ക് ഇക്കുറി നിറം ചാർത്തിയത്.