theft

കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടിക സ്വർണ്ണ കവർച്ച കേസിൽ സ്വർണ്ണം നഷ്ടപ്പെട്ടുവോയെന്നതിൽ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നീങ്ങുന്നു. കുറച്ചു നാളുകളായി അടഞ്ഞു കിടക്കുന്ന ജ്വല്ലറിയിൽ അറ്റകുറ്റപണി നടക്കുന്നതിനിടയിൽ മൂന്നേ കാൽ കിലോ സ്വർണ്ണം നഷ്ടപെട്ടോ എന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കും സ്ഥിരീകരണമില്ല.

സ്വർണ്ണം ജ്വല്ലറിയിലോ, രഹസ്യ അറയിലോ ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇന്നലെയും ജില്ല റൂറൽ എസ്.പി ആർ. വിശ്വനാഥ് കയ്പമംഗലം സ്റ്റേഷനിലെത്തി ജ്വല്ലറിയുമായി ബന്ധപെട്ടുള്ളവരുടെ കൂടുതൽ മൊഴിയെടുത്തെങ്കിലും ദുരൂഹത തുടരുകയാണെന്നാണ് സൂചന.

ദേശീയപാത 66 പെരിഞ്ഞനം മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജുവലറിയിൽ നിന്ന് ഭിത്തി കുത്തിത്തുരന്നാണ് മൂന്നേ കാൽ കിലോ സ്വർണ്ണം കവർന്നത്. തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥനടക്കം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവദിവസം മുതൽ സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരുന്നു. പത്തോളം സി.സി.ടി.വി കാമറയുളള ജ്വല്ലറിയിലും രഹസ്യ അറയിലും ഒന്നു പോലും പ്രവർത്തിക്കാത്തത് ദുരൂഹമാണ്. അസമയത്ത് ആരെങ്കിലും എത്തിയാൽ മുഴങ്ങുന്ന ജാഗ്രത അലാറവും നിശബ്ദമായിരുന്നു. പുറത്തു നിന്ന് ഭിത്തി തുരന്നത് ഗോവണിയുടെ കോൺക്രീറ്റ് സ്ലാബിലെ സ്റ്റെപ്പിന് മുകളിൽ വന്നത് അകത്ത് നിന്ന് തുളയുണ്ടാക്കിയതിന്റെ സൂചനയാണെന്നുമാണ് ലഭിക്കുന്ന വിവരം. നിരവധി ലോക്കുകളുള്ള അണ്ടർ ഗ്രൗണ്ട് രഹസ്യ അറ പൊളിക്കാതെ തുറന്നതെങ്ങനെ എന്ന സംശയവും നിലനിൽക്കുന്നു. പൊലീസ് നായ അകലേക്കൊന്നും പോകാത്തതും ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു. അന്വേഷണം നടക്കുന്നുണ്ടെന്നും, പ്രതികളെ എത്രയും പെട്ടെന്നു പിടികൂടാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നീങ്ങണം ദുരൂഹതയുടെ അഞ്ച് പടവുകൾ

1. മോഷണം അറ്റകുറ്റപണി നടക്കുന്ന വേളയിൽ

2. പത്ത് സിസിടിവി കാമറകൾ കണ്ണടച്ചത്

3. അലാറം സംവിധാനം നിശബ്ദമായത്

4. ഭിത്തി തുരന്നത് കോൺക്രീറ്റ് സ്ളാബിലെ സ്റ്റെപ്പിന് മുകളിൽ വന്നത്

5. അണ്ടർ ഗ്രൗണ്ടിലെ രഹസ്യ അറ പൊളിക്കാതെ തുറന്നത്