തൃശൂർ: എം.ഡി.എം.എയും എൽ.എസ്.ജി.ഡിയും കഞ്ചാവും അടക്കമുളള ലഹരിവസ്തുക്കൾ കാറിൽ കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ ഷാഡോ പൊലീസ് പിന്തുടർന്ന് സിനിമാ സ്റ്റൈലിൽ പിടികൂടി. വാടാനാംകുറിശി സ്വദേശി ബാബുരാജ്, തൊഴൂപ്പാടം സ്വദേശി ഗിരിദാസ്, ഷൊർണൂർ സ്വദേശി ബിനോയ്, വാടാനാംകുറിശി സ്വദേശി ഉമേഷ്, തൊഴൂപ്പാടം സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. സ്വിഫ്റ്റ് കാറിൽ സംഘം വിൽപ്പനയ്ക്കായെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയ്ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് മുണ്ടുപാലം മുതൽ ഇവരെ പിന്തുടർന്നു. പെരിങ്ങാവിൽ കാറിന് മുന്നിൽ പൊലീസ് വാഹനം കുറുകെയിട്ട് തടഞ്ഞു. പിന്നോട്ടെടുത്തപ്പോൾ ഡിവൈഡറിൽ ഇടിച്ചു നിന്ന കാറിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഞ്ചുപേരെയും പൊലീസ് പിടികൂടി.
തൃശൂരിൽ വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണെന്ന് പ്രതികൾ പറഞ്ഞു. വിൽപ്പന നടത്തിക്കിട്ടിയ 36,000 രൂപയും കാറിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസവും നഗരത്തിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. സിറ്റി സി ബ്രാഞ്ച് എ.സി.പി ബാബു കെ. തോമസ്, വിയ്യൂർ സി.ഐ ചാക്കോ, ഷാഡോ പൊലീസിലെ ഗ്ലാഡ്സൺ, എം. രാജൻ, സുവൃതകുമാർ, റാഫി, രാജേഷ്, സെൽവൻ, ഗോപാലകൃഷ്ണൻ, ഹബീബ് , സീനിയർ സി.പി.ഒമാരായ പഴനി സാമി, ജീവൻ ടി.വി, സുദേവ് പി, ജിഗേഷ് എം.എസ്, വിപിൻദാസ് എന്നിവരായിരുന്നു പ്രതികളെ പിടികൂടിയത്.