ചാലക്കുടി: നഗരസഭാ പരിധിയിലും പഞ്ചായത്തുകളിലുമായി ഇന്നലെ 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് രണ്ടാംവട്ടമാണ് രോഗബാധയുണ്ടാകുന്നത്. നഗരസഭയിൽ മാത്രം 9 പുതിയ രോഗികളുണ്ട്. ഇതിൽ ഏഴും വി.ആർ പുരത്തുകാരാണ്. നേരത്തെ രോഗബാധിതനായ കാറ്ററിംഗ് തൊഴിലാളിയുടെ കുടുംബത്തിൽ പെട്ടവരാണ് ആറുപേർ. ഇവിടെ മറ്റൊരു സമ്പർക്ക രോഗിയുമുണ്ട്.
കോട്ടാറ്റും മോസ്‌കോ നഗറിലും ഓരോ വൈറസ് ബാധിതരെ കണ്ടെത്തി. പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് നാലാളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ നാൽപ്പതുകാരന് ഇത് രണ്ടാം വട്ടമാണ് രോഗം കണ്ടെത്തിയത്. നിരവധി പേരുമായി സമ്പർക്കമുണ്ട്. കൊന്നക്കുഴിയിലാണ് മറ്റ് അഞ്ചാളുകൾ. സിവിൽ സപ്ലൈസ് തൊഴിലാളിയുടെ സമ്പർക്കക്കാരാണ്. വെള്ളിയാഴ്ച രാത്രി സ്ഥിരീകരിച്ചതടക്കം രണ്ടെണ്ണം ഉൾപ്പെടെ മേലൂർ പഞ്ചായത്തിൽ ആറു കേസുകളുമുണ്ട്.
കലവറക്കടവിലാണ് അമ്മയ്ക്കും മകൾക്കും രോഗം. അടിച്ചിലിയിൽ മൂന്നാളുകൾ രോഗികളായി. പൂലാനി കുറുപ്പത്ത് ഒരു ഗർഭണിയിലും വൈറസ് സ്ഥിരീകരിച്ചു. കാടുകുറ്റിയിലെ കുലയിടത്ത് വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും കൊരട്ടി വാലുങ്ങാമുറിയിൽ മറ്റൊരാളും രോഗത്തിന്റെ പിടിയിലായി. കോടശേരി എലിഞ്ഞിപ്രയിലും ഒരാൾക്ക് രോഗമുണ്ട്.