ചേർപ്പ്: കൊവിഡിലും നിറം മങ്ങാതെ ഓണക്കുമ്മാട്ടി മുഖങ്ങളുടെ വിൽപ്പന സജീവമായി ചേർപ്പ് വള ദേവസിയുടെ കട. 80 വർഷത്തോളം പഴക്കമുള്ള കടയിൽ ഓണക്കാലത്തിന്റെ പ്രധാന ആകർഷകമായ കുമ്മാട്ടി മുഖങ്ങൾ നിറഞ്ഞു കഴിഞ്ഞു. പേപ്പർ, പ്ലാസ്റ്റിക്ക് എന്നിവ കൊണ്ട് നിർമ്മിതമായ കുമ്മാട്ടി മുഖങ്ങളുടെ രൂപങ്ങൾ വിൽപ്പന നടത്തിയിരുന്ന കാലത്തിന് മാറ്റം വന്ന് റബർ മിശ്രിതങ്ങൾ അടങ്ങിയവയാണ് ഇപ്പോഴുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ അളവിലും ആകൃതിയിലുമുള്ള കുമ്മാട്ടി പുലി മുഖങ്ങളാണ് വിൽക്കപ്പെടുന്നതെന്ന് കട നടത്തുന്ന ചേർപ്പ് തലോണിക്കര റാഫി പറഞ്ഞു.
തൃശൂർ, എറണാകുളം എന്നിവടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പുലിമുഖങ്ങളാണ് ചേർപ്പ് തായംകുളങ്ങരയിലെ വഴിയോര കടയിൽ ഇദ്ദേഹം വിൽപ്പന നടത്തുന്നത്. 10 രൂപ മുതൽ 100 രൂപ വരെയുള്ള വിവിധ കുമ്മാട്ടി മുഖങ്ങൾ കടയിൽ വിൽപ്പനക്കായിട്ടുണ്ട്. നാട്ടിൽ കൊവിഡിനെ തുടർന്ന് കുമ്മാട്ടി ആഘോഷങ്ങൾ പരിമിതമായതിനാൽ മുഖങ്ങളുടെ വിൽപ്പനയും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കുമ്മാട്ടി മുഖങ്ങളുടെ കൗതുകം കണ്ട് വാഹനയാത്രക്കാരാണ് ഏറെയും ഇപ്പോൾ വാങ്ങി കൊണ്ടുപോകുന്നത്. അത്തത്തിന് മുൻപെ ആരംഭിച്ച കുമ്മാട്ടി മുഖ വിപണി ഓണം അടുക്കന്നതോടെ കൂടുതൽ സജീവമാകുന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. വിഷുക്കാലത്ത് പടക്ക വിപണിയും, സ്വാതന്ത്ര്യദിനാഘോഷ കാലത്ത് ദേശീയ പതാക വിൽപ്പനയും ത്രിവർണ അരങ്ങുകളും വിവിധ പാർട്ടിക്കാരുടെ മാലകൾ, ഫോട്ടോ ഫ്രെയിം, കുപ്പിവളകൾ, സ്റ്റേഷനറി ഇനങ്ങളും ഇവിടെ വിൽക്കാറുണ്ട്. പിതാവ് ദേവസി വർഷങ്ങൾക്ക് മുൻപ് മരിച്ചതോടെയാണ് 'വള ദേവസിയുടെ കട എന്ന പേരിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഓണാക്കാലമായാൽ കടലാസ് പൂക്കളും, കുമ്മാട്ടി, മാവേലി, പുലി മുഖങ്ങൾ തുടങ്ങിയവ കൊണ്ടും സമ്പന്നമാകുന്ന കൊച്ചുകട ആളുകൾക്ക് കൗതുക കാഴ്ചയും നൽകുന്നു.