തൃശൂർ: പോയവർഷങ്ങളിലെ പ്രളയത്തിന് പിന്നാലെ കൊവിഡ് ഇത്തവണ വില്ലനായി എത്തിയെങ്കിലും
തൃശൂരിലെ കുംഭാര കോളനികളിലെ മണ്ണിൽ തൃക്കാക്കരയപ്പന്മാർ പിറവിയെടുത്തുകഴിഞ്ഞു. മഹാമാരിക്കിടെ കച്ചവടം നടക്കുമെന്നൊന്നും വിശ്വാസമില്ല. എങ്കിലും കുലത്തൊഴിൽ കൈവിടുന്നതെങ്ങനെയെന്ന് തൊഴിലാളികൾ ചോദിക്കുന്നു. തൃശൂരും പാലക്കാട്ടുമുള്ള കുംഭാര സമുദായത്തിൽപ്പെട്ട കളിമൺ നിർമ്മാണ തൊഴിലാളികളാണ് നൂറ്റാണ്ടുകളായി ഓണക്കാലത്ത് തൃക്കാക്കരയപ്പന്മാരെ നിർമ്മിക്കുന്നത്.
രണ്ട് മാസത്തെ അദ്ധ്വാനം കൊണ്ട് ആയിരത്തോളം തൃക്കാക്കരയപ്പന്മാരെ ഉണ്ടാക്കുന്ന ഒരു തൊഴിലാളിക്ക് ഇത് വിറ്റാൽ പതിനായിരം രൂപ പോലും ലാഭം കിട്ടില്ല. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് ലോഡിന് 14,000 രൂപ നൽകിയാണ് തൊഴിലാളികൾ മണ്ണ് വാങ്ങുന്നത്. എങ്കിലും ഓണമുണ്ണാനുള്ള വകയെങ്കിലും തൃക്കാക്കരയപ്പൻ നൽകുമെന്ന് തന്നെയാണ് തൊഴിലാളികളുടെ വിശ്വാസം. പ്രളയശേഷം കളിമണ്ണ് കിട്ടാൻ ജിയോളജി വകുപ്പിന്റെ തടസമുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇത് ഒഴിവാക്കാൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസുകൾ വഴി തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു.ഓണം കഴിഞ്ഞാൽ ഇവർ മൺപാത്രങ്ങലും കരകൗശലവസ്തുക്കളുമൊക്കെയാണ് നിർമ്മിക്കുക.
നിർമ്മാണം
ഉരുളയായി കൊണ്ടുവരുന്ന മണ്ണ് ആദ്യം അരയ്ക്കും. ബലം കൂട്ടാൻ വ്യത്യസ്ത മണ്ണുകളും കൂട്ടിച്ചേർക്കും. അച്ചിലിട്ട് വാർത്തെടുത്ത് ഇഷ്ടികപ്പൊടിയും മണലും ചേർത്ത് മൂന്ന് ദിവസം വെയിലത്തുണക്കും. കരവിരുതാണ് പ്രധാനം. മിഴിവും ഉറപ്പും ഇല്ലെങ്കിൽ ആരും വാങ്ങില്ല.
കഴിഞ്ഞവർഷത്തെ വില
(തൊഴിലാളിക്ക് ലഭിക്കുന്നത് വിലയുടെ പകുതി മാത്രം)
ചെറുതിന് (8 ഇഞ്ച് നീളം): 30 രൂപ,
ഇടത്തരം (10 ഇഞ്ച്): 100 രൂപ
വലുതിന് (12 ഇഞ്ച്): 200 രൂപ
ഉത്രാടനാളിൽ
ഉത്രാടത്തിന്റെ തലേന്നാൾതന്നെ തൃക്കാക്കരയപ്പന്മാരുടെ വില്പന സജീവമാകും. ഉത്രാടസന്ധ്യയിൽ പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്മാരെ അവിട്ടം നാൾ വൈകിട്ട് വരെ പൂവിട്ടും നിത്യപൂജ നടത്തി ആരാധിക്കും. മൂന്ന് നേരവും അരിമാവ് പൂശി, അരിയും അടയും പഴവും നിവേദിക്കും. ധർമ്മത്തിനായി നിലകൊണ്ട മഹാബലിയുടെ രൂപമെന്ന സങ്കൽപ്പത്തിലാണ് തൃക്കാക്കരയപ്പന്മാരെ ചിലർ ആരാധിക്കുന്നത്. ചിലയിടങ്ങളിൽ ഇത് വാമനന്റെ പ്രതീകമാണെന്നും വിശ്വസമുണ്ട്.
തൃക്കാക്കരയപ്പന്മാരെ പൂജിച്ചാൽ സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
''കൊവിഡ് കാരണം മേളകളൊന്നുമില്ല. അതുകൊണ്ട് തൃക്കാക്കരയപ്പന്മാരെ വിറ്റ് വലിയ ലാഭമൊന്നും കിട്ടില്ല. പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ പ്ളാസ്റ്റിക്കും മരവും വിട്ട് മണ്ണിൽ തീർത്ത തൃക്കാക്കരയപ്പന്മാരെ ആവശ്യപ്പെടുന്നവർ കൂടിയിട്ടുണ്ടെന്നതാണ് ആശ്വാസം.''
ബിനീഷ് പാത്രമംഗലം, തൊഴിലാളി