തൃശൂർ:കൊവിഡ് കാലത്ത് സൈക്കിളാണ് സുരക്ഷിത വാഹനം എന്ന സന്ദേശവുമായി സൈക്കിൾ സവാരിക്കാരുടെ സോഷ്യൽ ഡിസ്റ്റൻസിംഗ് റൈഡ്. സൈക്കിൾ പ്രേമികളുടെ കൂട്ടായ്മയായ പെഡൽഫോഴ്‌സ് കൊച്ചിയാണ് സംഘാടകർ. കൊച്ചിയിൽ നിന്ന് ഇന്നലെ അതിരപ്പിള്ളിയിലേക്ക് പോയ പത്തംഗ സംഘം ഇന്ന് തിരിച്ചെത്തും. മൊത്തം 160 കിലോമീറ്റർ യാത്ര.
പെഡൽഫോഴ്സ്
2017 നവംബറിൽ കൊച്ചിയിൽ തുടക്കം. ആദ്യം 25 അംഗങ്ങൾ. ഇന്ന് എല്ലാ ജില്ലകളിലും പുറത്ത് ബാംഗ്ലൂരിലും മറ്റ് നഗരങ്ങളിലുമായി 1500 ലേറെ അംഗങ്ങൾ. സേവ് പ്ലാനറ്റ് എന്നാണ് മുദ്രാവാക്യം. സൈക്കിൾ സവാരി ശീലമാക്കാൻ ബോധവൽക്കരണം, ഗതാഗത രംഗത്തും തൊഴിലിടങ്ങളിലും സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾക്കായും സൈക്കിൾ പാതകൾക്കായുമുള്ള പ്രചാരണം തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ.ദേശീയ, സംസ്ഥാന, തീരദേശ പാതകളിലും ബൈപ്പാസുകളിലും പ്രത്യേക സൈക്കിൾ റൂട്ട് വേണമെന്നാണ് ആവശ്യം. കേരളത്തിലെ തീരദേശ റോഡിൽ 2018ൽ സൈക്കിൾ പാത അനുവദിച്ചു.
ചെന്നൈ - പോണ്ടിച്ചേരി, മുംബയ് - ദമൻ, മംഗളുരു - ഗോവ, ഉദയ്‌പൂർ - ജോധ്പൂർ,
മണാലി - ലേ എന്നിവയാണ് ഇന്ത്യയിലെ സുഖകരമായ ദീർഘദൂര സൈക്കിൾ പാതകൾ.
സൈക്കിൾ സവാരി മലിനീകരണം കുറയ്‌ക്കും. ഇന്ധനം ലാഭിക്കാം. രാജ്യപുരോഗതി കൈവരിക്കാം. കൊവിഡ് കാലത്ത് സുരക്ഷിതമാണ്. ബൈപ്പാസുകളിലും ദേശീയ പാതകളിലും മീഡിയനുകൾ സൈക്കിൾ പാതയാക്കണം
ജോബി രാജു
ഫൗണ്ടർ & ചീഫ് കോ ഓർഡിനേറ്റർ, പെഡൽ ഫോഴ്‌സ് കൊച്ചി
പെഡൽ ഫോഴ്സിന്റെ സോഷ്യൽ ഡിസ്റ്റൻസിംഗ് റൈഡിന് ആശംസകൾ. മഹാമാരിയുടെ കാലത്ത് സൈക്കിൾ റൈഡിനെ കുറിച്ച് ഇത് അവബോധം ഉണ്ടാക്കും. സൈക്കിൾ ഉപകാരപ്രദമാണ്. ആരോഗ്യപരമായ ഗുണമുണ്ട്. സാമ്പത്തികമായും നേട്ടമാണ്. പ്രകൃതിയെ മലിനമാക്കുന്ന നമ്മുടെ ദുഷ്‌പ്രവൃത്തികൾ ശമിപ്പിക്കാൻ ഇത്തരം യാത്രകൾക്ക് കഴിയും''.
- രമ്യ നമ്പീശൻ, അഭിനേത്രി