തൃശൂർ : പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രം, ആയിരക്കണക്കിന് മറ്റ് രോഗികൾ ദിനംപ്രതി എത്തുന്ന ഇടം എന്നീ നിലകളിൽ പ്രതിസന്ധികളേറെയുണ്ടെങ്കിലും മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് കരുത്തുറ്റ പ്രതിരോധ സംവിധാനത്തിലൂടെ തലയുയർത്തി നിൽക്കുന്നു. ഡോക്ടർമാരടക്കം പല ഘട്ടങ്ങളിലായി നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധാരണനിലയിൽ തന്നെയാണ് ഇതുവരെയുള്ള പ്രവർത്തനം.
തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള സാധാരണക്കാരായ രോഗികൾ ചികിത്സ തേടിയെത്തുന്നത് ഇവിടെയാണ്. ജനറൽ വാർഡുകളിൽ ഉൾപ്പെടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചപ്പോഴെല്ലാം അത്തരം വാർഡുകളിൽ വേഗം സുരക്ഷാ ക്രമീകരണം ഒരുക്കാനായി. ഇത് വ്യാപനം കുറച്ചു. എന്നാൽ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് രണ്ട് പേർക്ക് രോഗം ബാധിച്ചതോടെ പത്ത് ദിവസത്തിനുള്ളിൽ 150 ഓളം പേരിലേക്ക് രോഗം പടർന്നു.
ആഴ്ചകൾക്ക് മുമ്പ് വരെ കൊവിഡ് സ്ഥിരീകരിച്ചവരെ പൂർണ്ണമായും പ്രവേശിപ്പിച്ചിരുന്നത് മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലായിരുന്നു. പിന്നീട് പ്രാദേശിക തലങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിച്ചതോടെ രോഗികളുടെ എണ്ണം കുറഞ്ഞു.
രോഗം വന്നത് രണ്ട് ആരോഗ്യ പ്രവർത്തകർക്ക്
മെഡിക്കൽ കോളേജിൽ ഇതിനോടകം എതാനും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ കോളേജിൽ സമ്പർക്കത്തിലൂടെ രണ്ട് ജീവനക്കാർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എതാനും ഡോക്ടർമാർക്ക് രോഗം കണ്ടെത്തിയിരുന്നെങ്കിലും അതൊന്നും മെഡിക്കൽ കോളേജിൽ നിന്നുള്ള സമ്പർക്കം വഴിയല്ല.
ജീവനക്കാർ സുരക്ഷാ
മാനദണ്ഡം പാലിക്കണം
ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കൃത്യമായ മുൻകരുതൽ എടുക്കണം. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടാത്ത വിധത്തിലുള്ള പ്രതിരോധ മാർഗം സ്വീകരിച്ച് മാത്രമേ രോഗികളെ പരിചരിക്കാൻ പാടുള്ളൂ. ഇതിനാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ കൈമാറിയിട്ടുണ്ട്.
വാർഡുകളിൽ കൊവിഡ് വന്നാൽ
ജനറൽ വാർഡുകളിൽ എതെങ്കിലും രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ തന്നെ രോഗിയെ അവിടെ നിന്ന് മാറ്റി അത് ഐസോലേഷൻ വാർഡാക്കും. ആരെയും ഏഴ് ദിവസത്തേക്ക് പുറത്തേക്ക് പോകാൻ അനുവദിക്കില്ല. ഏഴാം ദിവസം വാർഡിലെ മുഴുവൻ പേർക്കും ആന്റിജൻ ടെസ്റ്റ് നടത്തി, ഹോം ക്വാറന്റൈന് വിടും. കഴിഞ്ഞ ദിവസം വാർഡിൽ നിന്ന് ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 140 പേർക്ക് പരിശോധന നടത്തിയതിൽ 3 പേർക്ക് രോഗം കണ്ടെത്തി.
പരിശോധന കർശന സുരക്ഷയോടെ
ജനറൽ ഒ.പികൾ, അപകടങ്ങളിൽപെട്ട് വരുന്നവർ, ആരും ആശ്രയമില്ലാതെ വരുന്നവർ, കൊവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽപെട്ട് ചികിത്സ തേടിയെത്തുന്നവർ എന്നിവരെയെല്ലാം സുരക്ഷാ മാനദണ്ഡം പാലിച്ച ശേഷം മാത്രമേ പരിശോധിക്കുകയുളളൂ. ഇത്തരക്കാരെ മുഴുവൻ കൊവിഡ് ടെസ്റ്റ് നടത്തി പരിശോധനാ ഫലം വന്ന ശേഷം മാത്രമേ വാർഡുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
..........................
ഇതുവരെ മുൻകരുതലുകളുമായി മുന്നോട്ട് പോകാനായി. എല്ലാവരോടും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അവർ അത് പരിപാലിച്ച് വരുന്നത് ഏറെ ആശ്വാസം പകരുന്നു.
(ആൻഡ്രൂസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ)