മാള: 2016 മേയ് 28 മുതൽ ജോലിയിൽ പ്രവേശിച്ച വി.ഇ.ഒ ഗ്രേഡ് രണ്ട് വിഭാഗക്കാരുടെ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരെ പരാതികളുമായി ഗ്രാമസേവകർ. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരിച്ച അവസരത്തിൽ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കാത്തത് ജീവനക്കാരിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗ്രാമവികസന കമ്മിഷണർക്കും വകുപ്പ് മന്ത്രിക്കും റൂറൽ ഡെവലപ്പ്മെന്റ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പരാതി നൽകി. ഈ പരാതികളിൽ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് സംഘടനാ നേതാക്കളുടെ പ്രതിഷേധത്തിനിടയാക്കിയത്. നിലവിൽ എൽ.ഡി ക്ലാർക്കിന് തുല്യമായ തസ്തികയിലേക്ക് തരം താഴ്ത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കി തരികയോ ജോലികളുടെ പ്രാധാന്യത്തിന് അനുസരിച്ചുള്ള ശമ്പള തസ്തികയിലേക്ക് ഉയർത്തുകയോ വേണമെന്നാണ് ആവശ്യം. ഗ്രാമവികസന വകുപ്പിലെ അടിസ്ഥാന തസ്തികകൾക്ക് മാത്രം ചാനൽ സ്ഥാനക്കയറ്റം വരുന്നതും എണ്ണത്തിൽ മൂന്നിരട്ടിയോളം അംഗങ്ങളുള്ള പഞ്ചായത്ത് വകുപ്പിൽ അനുപാത സ്ഥാനക്കയറ്റം ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കാത്തത് തുല്യ നീതിക്ക് നിരക്കാത്തതാണെന്നാണ് വി.ഇ.ഒമാരുടെ ആക്ഷേപം. 1952 മുതൽ ഗ്രാമ വികസന വകുപ്പിൽ ഗ്രാമസേവകൻ എന്ന ജനങ്ങളുടെ മനസറിഞ്ഞ ഉദ്യോഗസ്ഥർ 1978 മുതൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എന്ന പേരിലേക്ക് മാറുകയായിരുന്നു.