തൃശൂർ: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സി.പി.എം അംഗങ്ങളുടെയും പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകൾക്ക് മുന്നിലും പാർട്ടി ഓഫീസുകൾക്ക് മുന്നിലും കൊടിയും പ്ലക്കാർഡും പിടിച്ച് പ്രതിഷേധ സത്യഗ്രഹം നടത്തി. 2500ഓളം ബ്രാഞ്ചുകളിലായി ഒരു ലക്ഷം കേന്ദ്രങ്ങളിൽ നടന്ന സത്യഗ്രഹ സമരത്തിൽ നിരവധി പേർ അണിനിരന്നു. നാലുമണിയോടെ വീട്ടുമുറ്റത്തെ സമരകേന്ദ്രങ്ങൾ ഉണർന്നു. എല്ലാവരും മുദ്രാവാക്യം വിളികളോടെയാണ് സത്യഗ്രഹം തുടങ്ങിയത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ. വിജയരാഘൻ കാനാട്ടുകരയിലെ വീട്ടിലും, കെ. രാധാകൃഷ്ണൻ ചേലക്കര തോന്നൂർക്കരയിലെ വീട്ടിലും, സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബേബി ജോൺ, ജില്ലാ സെക്രട്ടറി എം.എം വർഗീസ് എന്നിവർ ജില്ലാ കമ്മിറ്റി ഓഫീസിലും സമരത്തിൽ അണിനിരന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ ബാലൻ, പി.കെ ബിജു, എം.കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു. പി ജോസഫ്, മുരളി പെരുനെല്ലി എം.എൽ.എ, കെ.കെ രാമചന്ദ്രൻ, കെ.വി അബ്ദുൾ ഖാദർ എം.എൽ.എ, പി.കെ ഡേവിസ്, പി. കെ ഷാജൻ, ബാബു എം പാലിശേരി എന്നിവർ സ്വന്തം വീടുകളിലും സേവ്യർ ചിറ്റിലപ്പിള്ളി പുഴയ്ക്കൽ ഏരിയാകമ്മിറ്റി ഓഫീസിലും പങ്കാളിയായി.