ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ തൃപ്പുത്തരി ചടങ്ങ് സമുചിതമായി ആഘോഷിച്ചു. തൃപ്പുത്തരിയുടെ ശുഭമുഹൂർത്തത്തിൽ പത്തുകാർ വാര്യർ അളവുപാത്രം കൊണ്ട് 41നാരായം പുന്നെല്ല് കുത്തിയുണക്കി ഉണ്ടാക്കിയ കുത്തരി അളന്നുചൊരിഞ്ഞു. അളന്നുചൊരിഞ്ഞ പുന്നെല്ലിൻ കുത്തരി ക്ഷേത്രം കീഴ്ശാന്തിമാർ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കി ക്ഷേത്രം തന്ത്രി ഭഗവാന് പൂജ ചെയ്തു. പുത്തരി നിവേദ്യത്തോടൊപ്പം പത്തിലക്കറിയും, ഉപ്പുമാങ്ങയും നിവേദിച്ചു. തൃപ്പുത്തരി ചടങ്ങിനും, ഉച്ചപൂജയ്ക്കും തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ഉച്ചപൂജയ്ക്കു നടന്ന പുത്തരി നിവേദ്യത്തിനുശേഷം ഉച്ച ശീവേലിയുമുണ്ടായിരുന്നു. കൊവിഡ് നിയന്ത്രങ്ങൾ ഉള്ളതിനാൽ ഭക്തർക്ക് പുത്തരിപ്പായസം വിതരണം ഉണ്ടായില്ല.