ഗുരുവായൂർ: കൊവിഡ് വ്യാപനം മൂലം അടച്ചിട്ടിരിക്കുന്ന ഓഫീസിലേക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ളവരോട് വരാൻ ആവശ്യപ്പെട്ട് ഗുരുവായൂർ നഗരസഭ. ഒമ്പത് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭാ ഓഫീസ് അടച്ചതായി ചെയർപേഴ്‌സൻ എം. രതിയാണ് അറിയിച്ചിരുന്നത്. ഓഫീസ് ഇതുവരെ തുറന്നിട്ടില്ല.
കൂടുതൽ ജീവനക്കാർക്ക് തിങ്കളാഴ്ച കൊവിഡ് പരിശോധന നടത്തുന്നുണ്ട്. പലർക്കും രോഗലക്ഷണങ്ങൾ ഉള്ളതായും പറയുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ളവരോട് നഗരസഭാ ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കണ്ടെയ്ൻമെന്റ് സോൺ ആയതിനെ തുടർന്ന് നഗരസഭയുടെ സോണൽ ഓഫീസും അടച്ചിരിക്കുകയാണ്. ഈ മേഖലയിലുള്ളവരോടും അടഞ്ഞു കിടക്കുന്ന മെയിൻ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭയുടെ മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് ഹിയറിംഗ് മാറ്റാതെ അടഞ്ഞുകിടക്കുന്ന ഓഫീസിലേക്ക് ആളുകളോട് രേഖകളുമായി വരാൻ ആവശ്യപ്പെട്ടിട്ടുള്ളത് രോഗവ്യാപന ആശങ്ക വർദ്ധിപ്പിക്കുകയാണ്.