ചാലക്കുടി: നഗരസഭാ പരിധിയിലെ ശാസ്താംകുന്ന് റബ്ബർ തോട്ടത്തിനടുത്ത് ഒരാൾക്ക് ഇന്നു കൊവിഡ് സ്ഥിരീകരിച്ചു. വെസ്റ്റ് ചാലക്കുടി സിവിൽ സപ്ലൈസ് ഗോഡൗൺ തൊഴിലാളിയാണ്. ഗോഡൗണിൽ രോഗം പിടിപെട്ട തൊഴിലാളികളുടെ എണ്ണം ഇതോടെ പതിനഞ്ചായി.

കലവറക്കടവിൽ പതിനെട്ടുകാരിക്കും വൈറസ് ബാധയുണ്ട്. നേരത്തെ രോഗമുണ്ടായ ചുമട്ടുതൊഴിലാളിയുടെ അയൽവാസിയാണ്. ഇതേ സമയം കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള പോട്ട അലവി സെന്ററിലെ വ്യാപാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
മലക്കപ്പാറയിലെ കൊവിഡ് ബാധ അറിയുന്നതിന് നടത്തിയ ആന്റിജൻ പരിശോധനാ ഫലം ആശ്വാസം പകരുന്നു. ആർക്കും രോഗമില്ലെന്ന് കണ്ടെത്തി. പൊലീസ്, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, തൊഴിലാളികൾ എന്നീ വിഭാഗങ്ങളിലായി 88 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ചാലക്കുടി നഗരസഭയിലെ പനമ്പിള്ളി കോളേജ്, മേലൂർ പഞ്ചായത്തിലെ അടിച്ചിലി എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു.