തൃശൂർ: കൊവിഡ് പ്രതിരോധ രംഗത്ത് തൃശൂർ സിറ്റി പൊലീസിന്റെ 'മാസ്സാണ് തൃശൂർ, മാസ്‌കാണ് നമ്മുടെ ജീവൻ' എന്ന പ്രചരണ പരിപാടിക്ക് ഇന്ന് തുടക്കം. സിറ്റി പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രാവിലെ 11 മുതൽ പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും.
ചരിത്രത്തിൽ ആദ്യമായി നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓഗ്‌മെന്റെഡ് റിയാലിറ്റി സംവിധാനത്തിലാണ് പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിമാരായ എ.സി. മൊയ്തീൻ, അഡ്വ. വി.എസ്. സുനിൽകുമാർ എന്നിവർ വെർച്വൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെ പരിപാടികളിൽ പങ്കുചേരും.
ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മഹാമാരിയുടെ വ്യാപനം പ്രതിരോധിക്കുന്നതിനുവേണ്ടി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കും. വ്യാപാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കും.