കയ്പമംഗലം : മൂന്നു പീടിക ജുവലറി കവർച്ചാ കേസിൽ മോഷണ ശ്രമമുണ്ടായിട്ടുണ്ടെങ്കിലും സ്വർണ്ണം നഷ്ടപ്പെട്ടുവെന്നത് ഉടമ കെട്ടിച്ചമച്ചതാണെന്ന് പൊലീസ് നിഗമനം. നിരവധി പേരിൽ നിന്ന് സ്വർണ്ണവും, പണവും നിക്ഷേപമായി വാങ്ങിയ ഉടമയ്ക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു. കൂടാതെ ആറ് കിലോ സ്വർണം സ്റ്റോക്കുണ്ടെന്ന് കാട്ടി ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്തിട്ടുമുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജുവലറി കുത്തിത്തുറന്നതറിഞ്ഞപ്പോൾ വായ്പാ തിരിച്ചടവിൽ നിന്ന് രക്ഷപ്പെടാനായി സ്വർണം നഷ്ടപ്പെട്ടതായി കഥ മെനയുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭിത്തി തുരന്ന് അകത്ത് കടന്നത് ആരാണെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പരാതി നൽകിയ ജുവലറി ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടില്ല. ദേശീയ പാത 66 ൽ പെരിഞ്ഞനം മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജുവലറി ഭിത്തി തുരന്ന് മൂന്നേകാൽ കിലോ സ്വർണ്ണം കവർന്നെന്നതാണ് പരാതി. തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥൻ കയ്പമംഗലം സ്റ്റേഷനിലെത്തി ജുവലറി ഉടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്.