veg

തൃശൂർ : കൊവിഡിനെ തുടർന്ന് മൂന്നാഴ്ച അടച്ചിട്ട ശക്തൻ മാർക്കറ്റ് തുറന്നപ്പോൾ പച്ചക്കറിക്ക് വൻവില. രണ്ടാഴ്ച മുമ്പ് വരെ 20 നും മുപ്പതിനും ഇടയിൽ വിൽപ്പന നടത്തിയിരുന്ന പച്ചക്കറികളിൽ ഭൂരിഭാഗത്തിനും മൊത്തക്കച്ചവട വില നാൽപ്പതിന് മുകളിലായി. ചില്ലറ വിലയാകുമ്പോൾ കിലോയ്ക്ക് അഞ്ച് മുതൽ പതിനഞ്ച് വരെ വില കൂടും. കായയ്ക്കും വില കുതിച്ച് ഉയരുകയാണ്. നെടുനേന്ത്രൻ, വരവ് കായ, ചെങ്ങാലിക്കോടൻ എന്നിവയ്‌ക്കെല്ലാം അത്തം പിന്നിട്ടതോടെ വില ഉയർന്നു. നേരത്തെ 30 മുതൽ നാൽപ്പത് രൂപ വരെ മൊത്തക്കച്ചവടം നടന്നിരുന്ന നേത്രക്കായയുടെ വില അമ്പത് കടന്നു.

ഓണമാകുന്നതോടെ പച്ചക്കറിക്കും നേന്ത്രക്കായയ്ക്കും വില ഇനിയും ഉയർന്നേക്കും. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറി എത്തുന്നത്. പച്ചമുളക്, ഉരുളൻ കിഴങ്ങ്, കാരറ്റ്, പാവക്ക, വെണ്ട, തക്കാളി, മുരിങ്ങ, ബീൻസ് എന്നിവയ്ക്കെല്ലാം വില വർദ്ധിച്ചിട്ടുണ്ട്. അതേസമയം എളവൻ, മത്തൻ, വെള്ളരി, ബീറ്റ്‌റൂട്ട്, കാബേജ് എന്നിവയുടെ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. കർശന നിയന്ത്രണങ്ങളോടെയാണ് ശക്തൻ മാർക്കറ്റിലേക്ക് പച്ചക്കറിയെത്തുന്നത്. ഇത് മൂലം ചരക്ക് കയറ്റിയുള്ള വാഹനങ്ങളുടെ വരവ് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വളരെ കുറവാണ്.

ഓണം പ്രമാണിച്ച് ഹോർട്ടികോർപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പച്ചക്കറി ചന്തകൾ ആരംഭിച്ചാൽ വില കുറയാൻ സാദ്ധ്യതയുണ്ട്. കൊവിഡ് ബാധയില്ലാത്ത വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ 950 പേരുടെ പട്ടിക തയ്യാറാക്കി. അവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയാണ് മാർക്കറ്റ് തുറന്നിരിക്കുന്നത്. മാർക്കറ്റിലെത്തുന്ന റീട്ടെയിൽ വ്യാപാരികൾക്കും നിയന്ത്രണങ്ങളുണ്ട്. നാലായിരത്തിലേറെ റീട്ടെയിൽ വ്യാപാരികൾ ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും ശക്തൻ മാർക്കറ്റിൽ എത്തുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒരു സമയം 100 പേരെ വീതമേ പ്രവേശിപ്പിക്കുന്നുള്ളൂ.


ശക്തൻ മാർക്കറ്റിലെ

മൊത്തക്കച്ചവട വില

മുളക് 70
ഉരുളൻകിഴങ്ങ് 48
തക്കാളി 45
കാബേജ് 25
കാരറ്റ് 60
മത്തൻ 20
ചേന 25
മുരിങ്ങ 40
വെള്ളരി 20
പാവയ്ക്ക 45
ബീൻസ് 40
കായ 55
വെണ്ട 40
മല്ലിയില 80