bjp-nattika-
നാട്ടികയിൽ ബി.ജെ.പി നടത്തിയ റിലേ ഉപവാസസമരം

തൃപ്രയാർ: പത്ത് വർഷമായി നാട്ടിക പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിന്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നടത്തി വരുന്ന 101 ദിന സമരപരിപാടിയുടെ ഭാഗമായി റിലേ ഉപവാസ സമരം ആരംഭിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ് നിർമ്മാണം അട്ടിമറിച്ചത് കോടികൾ കോഴ വാങ്ങാനാണെന്ന് ബി.ജെ.പി ആരോപിച്ചു. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന്റെ പേരിൽ കോടികൾ കടമെടുത്ത് 75 ലക്ഷം രൂപ വർഷം തോറും പലിശയിനത്തിൽ നൽകി നാട്ടികയിലെ പാവപ്പെട്ടവരെ കടക്കെണിയിൽ പെടുത്താനുള്ള കോൺഗ്രസ് ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയണം. ചേർക്കരയിലേയും കലാഞ്ഞിയിലേയും കുടിവെള്ള പ്രശ്‌നത്തിലും ചെമ്മാപ്പിള്ളി തൂക്കൂ പാലത്തിന്റെ കാര്യത്തിലും പഞ്ചായത്തിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
നാട്ടിക നിയോജക മണ്ഡലം ജന: സെക്രട്ടറി എ.കെ. ചന്ദ്രശേഖരൻ, എസ്.സി. മോർച്ച മണ്ഡലം ട്രഷറർ പി.കെ. ബേബി എന്നിവരാണ് ആദ്യ ദിവസം ഉപവസിച്ചത്. മണ്ഡലം വൈസ് പ്രസിഡന്റ് ഭഗീഷ് പുരാടൻ ഉദ്ഘാടനം ചെയ്തു. ലാൽ ഊണുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സുധീർ കെ.എസ്, ഉല്ലാസ് വെള്ളാഞ്ചേരി, സിജിത് കരുവത്ത്, എം.വി. വിജയൻ, പി.വി. സെന്തിൽ കുമാർ, ആഘോഷ് എന്നിവർ പങ്കെടുത്തു.