kaya

തൃശൂർ: ഓണമടുത്തു, കായവിപണിയിൽ വില കയറാൻ തുടങ്ങിയതോടെ വാഴകർഷകരുടെ നെഞ്ചിടിപ്പ് കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മഴയിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതും ആശ്വാസമാണ്. ഓണക്കാലത്തെ താരം ചെങ്ങാലിക്കൊടന് രണ്ടാഴ്ച്ച മുമ്പ് വരെ അമ്പത് രൂപയ്ക്ക് താഴെയായിരുന്നു വിലയെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ എഴുപതിനോടടുത്തു. പൂരാടം, ഉത്രാടം നാളുകൾ ആകുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നതിനും വിവാഹം കഴിഞ്ഞ് വീടുകളിലേക്ക് നൽകുന്നതിനുമാണ് കാഴ്ചക്കുലകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഈ ഓണക്കാലത്ത് അതെല്ലാം തകിടം മറിഞ്ഞെങ്കിലും അവസാന സമയത്തെങ്കിലും വില അൽപ്പം കയറിയത് കുറച്ച് കർഷകർക്കെങ്കിലും ഗുണമായേക്കും. മുൻകാലങ്ങളെ പോലെ വിപുലമായി നടക്കില്ലെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ ദീപസ്തംഭത്തിന് മുന്നിൽ കാഴ്ചക്കുലകൾ സമർപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഭക്തർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞവിലയ്ക്ക് കാഴ്ചക്കുലകൾ വിൽക്കേണ്ടി വരുമെന്നാണ് കച്ചവടക്കാർ കരുതുന്നത്.

സ്റ്റാറാണ് ചെങ്ങാലിക്കൊടൻ
മറ്റു കായകളേക്കാൾ പരിപാലനച്ചെലവ് കൂടുതലാണെങ്കിലും മോഹവില കിട്ടും. പച്ചക്കായ കൊണ്ട് ഉപ്പേരിയുണ്ടാക്കാനും ശർക്കരവരട്ടിക്കും പഴംനുറുക്കിനും ചെങ്ങാലിക്കോടനെ വെല്ലാൻ മറ്റൊന്നില്ല. മൂന്നു വർഷം മുമ്പ് ഓണക്കാലത്ത് ഭൗമസൂചികാപദവിയുടെ നേട്ടവുമായാണ് വിപണികളിലെത്തിയത്. ചെന്നൈ കേന്ദ്രമായുള്ള ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് രജിസ്ട്രിയാണ് രൂപത്തിലും നിറത്തിലും രുചിയിലും കേമം എന്നറിയപ്പെടുന്ന ചെങ്ങാലിക്കോടൻ നേന്ത്രപ്പഴത്തിന് കഴിഞ്ഞ വർഷം ജി.ഐ (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ) സമ്മാനിച്ചത്.

ചെങ്ങാലിക്കൊടൻ കേന്ദ്രങ്ങൾ
മുണ്ടത്തിക്കോട്, ആളൂർ, പെരിങ്ങണ്ടൂർ, വേലൂർ, കൈപ്പറമ്പ്, പുത്തൂർ മേഖലകളിലാണ് വ്യാപകമായി ചെങ്ങാലിക്കോടൻ കാഴ്ചക്കുല കൃഷി ചെയ്തിരുന്നത്. പിന്നീട് എരുമപ്പെട്ടി, വരവൂർ, കടങ്ങോട്, അവണൂർ, ചൊവ്വന്നൂർ, ഗുരുവായൂർ, ചൂണ്ടൽ, കുന്നംകുളം, എയ്യാൽ, കേച്ചേരി, മങ്ങാട്, നെല്ലുവായ്, പാണഞ്ചേരി, ആമ്പല്ലൂർ, നടത്തറ, പുതുക്കാട് , വടക്കാഞ്ചേരി, ദേശമംഗലം, നെല്ലുവായ് ഭാഗങ്ങളിലും വ്യാപകമായി.

നെടുനേന്ത്രനും വരവിനും വിലകൂടി
ജില്ലയിൽ ഉത്പാദിപ്പിക്കുന്ന നെടുനേന്ത്രൻ കായയ്ക്കും വരവ് കായ എന്നറിയപ്പെടുന്ന പുളിയംവെട്ടി, അട്ടപ്പാടി കായകൾക്കും വില കയറി തുടങ്ങി. കൊവിഡിനെ തുടർന്ന് മൂന്നാഴ്ച്ചക്കാലം അടച്ചിട്ടിരുന്ന തൃശൂർ ശക്തൻ മാർക്കറ്റ് ഇന്നലെ തുറന്നപ്പോൾ അതുവരെയും 35 മുതൽ 40 രൂപ വരെ ഉണ്ടായിരുന്ന കായയുടെ വില 55 ൽ എത്തിയിട്ടുണ്ട്. കൊവിഡിനെ തുടർന്ന് ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സഹകരണ ഓണചന്തകൾ ഇല്ലാത്തതും വില ഉയരാൻ ഇടയാക്കിയിട്ടുണ്ട്.

കായ ഇനം - വില

ചെങ്ങാലിക്കൊടൻ - 70

നെടുനേന്ത്രൻ - 55-60

പുളിയംവെട്ടി- 50-55