തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡിതര രോഗം മൂലം മരിക്കുന്നവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് കാലതാമസം സംഭവിക്കുന്നതായി പരാതി. ട്രൂ നാറ്റ് കൊവിഡ് പരിശോധനയ്ക്കുശേഷം നെഗറ്റീവായ കേസുകളിൽ നിരവധി കടമ്പകൾക്ക് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് ലഭിക്കുന്നത്. ഇത് ലഘൂകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
മരിച്ച രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ, യൂണിറ്റ് ചീഫ്, പ്രിൻസിപ്പൽ, കളക്ടർ, ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ, സെക്യൂരിറ്റി ഓഫീസർ തുടങ്ങി വിവിധയിടങ്ങളിൽ ഫയൽ നീങ്ങിയതിനു ശേഷമാണ് ബന്ധുക്കൾക്ക് ബോഡി വിട്ടുകൊടുക്കുന്നത്. ഇക്കാര്യത്തിൽ പരിഹാരം വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് കെ.എസ്. മധു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം. ഷിബു, ജില്ലാ വനിതാ ഫോറം ജോയിന്റ് കൺവീനർ വി.എസ്. സുബിത, ബ്രാഞ്ച് സെക്രട്ടറി പി. ബിബിൻ, വി.എ. ഷാജു, ടി.എ. അൻസാർ, രാജു പി.എഫ്, പി. മീര, വി.എ. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.