തൃപ്രയാർ: രക്തസമ്മർദ്ദം പരിശോധിക്കാൻ റോബോട്ടുൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള നാട്ടികയിലെ ലുലു കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം 26 ന് നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിക്കുമെന്ന് സെന്റർ ചെയർപേഴ്‌സൺ തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നബാർഡിന്റെ ധനസഹായം ഉപയോഗിച്ച് രോഗികളുടെ ബി.പി, ടെംപറേച്ചർ, ഓക്‌സിജൻ അളവ് എന്നിവ പരിശോധിക്കുന്നതിന് സർക്കാർ എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർത്ഥികളാണ് റോബോട്ട് സംവിധാനം ഏർപ്പെടുത്തിയത്. 1400 ബെഡുകളോടു കൂടിയ സെന്ററിൽ മിക്കവാറും ഒരുക്കം പൂർത്തിയായി കഴിഞ്ഞു. കുടിവെള്ള സൗകര്യം, വാട്ടർ ഫിൽറ്റർ, ഹോട്ട് വാട്ടർ സൗകര്യം, മാലിന്യസംസ്‌കരണ സംവിധാനം, ടി.വി, വൈ ഫൈ സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെ ഡയറ്റീഷ്യൻ നിർദ്ദേശിക്കുന്ന മെനു അനുസരിച്ച് നാട്ടികയിലെ കുടുംബശ്രീ ഭക്ഷണം നൽകും. സ്റ്റാഫിന് താമസിക്കാനായി തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയവും നാട്ടിക എസ്.എൻ കോളേജ് വനിതാ ഹോസ്റ്റലും സജ്ജമായി. 24 മണിക്കൂറും വാഹനസൗകര്യം ഉണ്ടായിരിക്കും. രോഗികൾക്കായി റിക്രിയേഷൻ ക്‌ളബ്ബ് , ചെസ്, കാരംസ് എന്നിവ ഒരുക്കുന്നുണ്ട്. രോഗികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ക്‌ളിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽ കുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളാവും. മരുന്നുകൾ കെ.എം.എസ്.സി.എൽ വഴി എത്തിച്ചതായും ചെയർപേഴ്‌സൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 200 ൽ അധികം വളണ്ടിയേഴ്‌സിന്റെ ട്രെയിനിംഗ് പൂർത്തിയായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ തോമസ് മാസ്റ്റർ, പി. വിനു, അഡ്മിൻ ഓഫീസർ ഡോ. പി.കെ രാധാകൃഷ്ണൻ, നോഡൽ ഓഫീസർ ബി.ഡി.ഒ സി.കെ സംഗീത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സൗകര്യങ്ങൾ ഇവ
1400 ബെഡുകൾ
60 ഡോക്ടർമാർ
100 നഴ്‌സുമാർ
അനുബന്ധ ആരോഗ്യപ്രവർത്തകർ
ഡയറ്റീഷൻ, ക്ളിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം
ടോയ്‌ലറ്റ് 64
ബാത്ത് റൂം 30
വാട്ടർ ഫിൽറ്റർ
ടി.വി, വൈ ഫൈ സംവിധാനം
നടത്തിപ്പ് സംബന്ധിച്ച് തർക്കം
തൃപ്രയാർ: നാട്ടികയിൽ 26ന് ഉദ്ഘാടനം ചെയ്യുന്ന ലുലു കൊവിഡ് സെന്ററിന്റെ നടത്തിപ്പ് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റുമാർ തമ്മിൽ തർക്കം. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനുവും തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണിയും തമ്മിൽ വാർത്താസമ്മേളനത്തിലാണ് അഭിപ്രായ വ്യത്യാസമുണ്ടായത്. സെന്ററിന്റെ ഭരണച്ചുമതല നാട്ടിക പഞ്ചായത്തിനായിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
പിന്നീട് തളിക്കുളം ബ്‌ളോക്ക് പഞ്ചായത്തിനെ ചുമതലയേല്പിച്ചതാണ് വിവാദമായത്. സെന്ററിന് നാട്ടിക പഞ്ചായത്ത് നേതൃത്വം നൽകാൻ തയ്യാറാണെന്ന് പ്രസിഡന്റ് പി. വിനു പറഞ്ഞു. കളക്ടർ പഞ്ചായത്തിന് നൽകിയ ഉത്തരവ് ഉയർത്തിക്കാണിച്ചായിരുന്നു വിനുവിന്റെ പരാമർശം. മഹാമാരിയെ നേരിടാൻ എം.എ യൂസഫലി നൽകിയ സെന്റർ വിവാദത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ 1400 ബെഡുകൾ ഉള്ള ആശുപത്രി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും ബ്‌ളോക്ക് പഞ്ചായത്തിനെ എല്പിക്കുകയായിരുന്നുവെന്ന വാദമുയർത്തിയായിരുന്നു ഡോ. എം. ആർ സുഭാഷിണി മറുപടി പറഞ്ഞത്. ഇതിനെ അനുകൂലിച്ച് വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ സംസാരിച്ചു. യു.ഡി.എഫ് ഭരിക്കുന്ന നാട്ടിക പഞ്ചായത്തും എൽ.ഡി.എഫിന്റെ കീഴിലുള്ള ബ്‌ളോക്ക് പഞ്ചായത്തും നേരത്തേയും നിരവധി ജനകീയ പ്രശ്നങ്ങളിൽ നിരന്തരം കൊമ്പുകോർത്തിരുന്നു.