kkk
അപകടത്തിലായ കാഞ്ഞാണി പെരുമ്പുഴ പാലം

കാഞ്ഞാണി: കാഞ്ഞാണി പെരുമ്പുഴ വലിയപാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ബലപ്പെടുത്താൻ സമർപ്പിച്ച 60,60,000 രൂപയുടെ എസ്റ്റിമേറ്റിന് പൊതുമരാമത്തു വകുപ്പിൽ നിന്ന് ഭരണാനുമതി വൈകുന്നു. ഇതോടെ തൃശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിലുള്ള ഈ പാലത്തിന്റെ ബലപ്പെടുത്തൽ നീണ്ടുപോകുകയാണ്.
മണലൂർ അരിമ്പൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുമ്പുഴ പാലത്തിന്റെ തെക്കുവശം ചരിഞ്ഞു നിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലത്തിന് അറ്റകുറ്റപണിവേണമെന്ന ആവശ്യമുയർന്നത്. പാലത്തിന്റെ അവസ്ഥ നാട്ടുകാർ കണ്ടതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് പി.ഡബ്ല്യൂ.ഡി എറണാകുളം ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ഷിജി കരുണാകരൻ, അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ വി.കെ. സന്തോഷ് കുമാർ, ചാവക്കാട് സെക്ഷൻ അസി. എൻജിനിയർ എം.പി. രാജൻ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പാലം നിലനിറുത്തുന്ന ഗാർഡുകൾക്ക് കാലകാലങ്ങളിൽ അറ്റകുറ്റപണി നടത്താത്തതിനാൽ ബലക്ഷയം സംഭവിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ചരക്കുവാഹനങ്ങളും ബസുകളും പാലത്തിലൂടെ കടത്തിവിടുന്നത് അപകടകരമാണെന്നും സമാന്തര പാലം നിർമ്മിക്കുന്നതുവരെ താത്കാലികമായി പാലം ബലപ്പെടുത്തേണ്ടതുണ്ടെന്നും അതുവരെ വലിയ വാഹനഗതാഗതം നിരോധിക്കണമെന്നും റിപ്പോർട്ട് നൽകി.
അതുപ്രകാരം ജില്ലാകലക്ടർ എസ്. ഷാനവാസ് നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചില്ല. കഴിഞ്ഞ 14നാണ് പൊതുമരാമത്ത് വകുപ്പിന് ഭരണാനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചത്.
ഭരണാനുമതി കിട്ടിയാലും പാലംബലപ്പെടുത്താനുള്ള നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാൻ കടമ്പകളേറെയാണുള്ളത്. ഭരണാനുമതി ലഭിച്ചാൽ സാങ്കേതിക അനുമതി കിട്ടണം. പിന്നീട് ടെണ്ടർവിളിച്ച് എഗ്രിമെന്റ് വെച്ചാൽ മാത്രമേ ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ നടക്കൂ. ടെണ്ടർ വിളിക്കുന്നതിന് മുമ്പായി തിരഞ്ഞെടുപ്പുചട്ടം നിലവിൽ വന്നാൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടക്കില്ല. ഇത് പാലം ബലപ്പെടുത്തൽ നീളാൻ ഇടയാക്കും. അങ്ങിനെയെങ്കിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും ഭീതി തുടരുകയും ചെയ്യും. യുദ്ധകാല അടിസ്ഥാനത്തിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് പാലം ബലപ്പെടുത്താൻ അടിയന്തിര ഇടപെടലുകൾ വേണമെന്നാണ് ജനകീയാവശ്യം.

+++++++
ഭരണാനുമതിയും സങ്കേതിക അനുമതിയും കിട്ടിയാൽ വർക്ക് തുടങ്ങുമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറഞ്ഞത്. അതിന്റെ കാലതാമസമാണ് നിർമ്മാണം വൈകുന്നതിന് പിന്നിൽ
- സുജാത മോഹൻദാസ്, പ്രസിഡന്റ് അരിമ്പൂർ പഞ്ചായത്ത്
:

++++++++++++
ഗ്രാമവികസന സമിതി നടത്തിയ അന്വേഷണത്തിൽ പെരുമ്പുഴ പാലം ബലപ്പെടുത്താനുള്ള ഭരണാനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് വൈകും തോറും ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ ഭരണാനുമതി നൽകണം. ജനദ്രോഹനടപടിയാണ് പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്നത്.
-ശിവരാമൻ കണിയാം പറമ്പിൽ, ഗ്രാമവികസന സമിതി