art

തൃശൂർ: കൊവിഡ് കാലത്ത് കേരളത്തിലെ 14 ജില്ലകളിലെ 105 ചിത്രകാരന്മാർ സ്വന്തം വീടുകളിലിരുന്ന് ചിത്രം വരയ്ക്കുന്ന ക്യാമ്പിന് ഇന്ന് തുടക്കം. ലളിതകലാ അക്കാഡമിയാണ് നിറകേരളം ദശദിന ചിത്രകലാ ക്യാമ്പ് നടത്തുന്നത്. ചിത്രകല ജീവിതമാക്കിയ, മറ്റ് വരുമാനമില്ലാത്തവരെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

കാൻവാസ് വീട്ടിലേയ്ക്ക് നൽകും. പ്രതിഫലമായി 27,000 രൂപയുമുണ്ട്. ക്യാമ്പിൽ പൂർത്തിയാക്കപ്പെടുന്ന ചിത്രങ്ങൾ അക്കാഡമിയുടെ ശേഖരത്തിലേയ്ക്കും സാംസ്‌കാരിക കേരളത്തിന്റെ മുതൽക്കൂട്ടായും മാറ്റുമെന്ന് അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. ക്യാമ്പിനോട് അനുബന്ധിച്ച് പ്രശസ്ത വ്യക്തികളുമായുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും ഓൺലൈനായി സംഘടിപ്പിക്കും. ഇന്ന് രാവിലെ 10.30ന് മന്ത്രി എ.കെ ബാലൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. ചിത്രകാരിയായ സിത്താരയ്ക്ക് കാൻവാസ് നൽകിയാണ് ഉദ്ഘാടനം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആധുനിക ചിത്രകാരിയായിരുന്ന മലയാളിയായ ടി.കെ പത്മിനിയെക്കുറിച്ച് അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.